പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനിറങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഗുവാഹത്തിയിൽ തോൽവി. കുഞ്ഞൻ വിജയലക്ഷ്യം ക്ഷമയോടെ പിന്തുടർന്ന പഞ്ചാബ് കിംഗ്‌സിന് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും വിജയമധുരം. രാജസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. 7 പന്ത് ബാക്കി നിൽക്കെയാണ് പഞ്ചാബിന്റെ ജയം. സാം കറൻ (63*), ജിതേഷ് ശർമ്മ (22), റൈലി റൂസോ (22) എന്നിവരാണ് പഞ്ചാബിന്റെ നട്ടെല്ലായത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസാണ് നേടിയത്. ഈ സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ നാലാം തോൽവിയാണിത്.
ഓപ്പണർമാരായ പ്രഭ്സിമ്രാനും ബെയര്‍സ്റ്റോയും ചേർന്ന് പഞ്ചാബിന് നൽകിയത് ശുഭകരമല്ലാത്ത തുടക്കമായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ ആറു റൺസുമായി പ്രഭ്സിമ്രാനെ നഷ്ടമായി. ട്രെന്റ് ബോൾട്ട് താരത്തെ രാഹുൽ ചഹറിന്റെ കൈയിലെത്തിക്കുകയായിരുന്നു. വൺഡൗണായെത്തിയ റൈലി റൂസോയും ബെയര്‍സ്റ്റോയും ചേർന്നാണ് സ്‌കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 30 റൺസാണ് ഇന്നിംഗ്‌സിലേക്ക് സംഭാവന ചെയ്തത്. എന്നാൽ 22 റൺസുമായി റൂസോ നാലാം ഓവറിൽ പുറത്തായി.
പിന്നാലെ എത്തിയ ശശാങ്ക് സിംഗും ഡക്കായി മടങ്ങി. പവർ പ്ലേ അവസാനിച്ചപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. ബെയര്‍സ്റ്റോയെ കൂട്ടുപിടിച്ച് സാം കറൻ തകർത്തടിക്കാൻ ശ്രമിച്ചു. എന്നാൽ ബെയര്‍സ്റ്റോയും(14) മടങ്ങി. യുസ്വേന്ദ്ര ചഹലിനായിരുന്നു വിക്കറ്റ്. ജിതേഷ് ശർമ്മയാണ്(22) പുറത്തായ മറ്റൊരു താരം. 17 റൺസുമായി അശുതോഷ് ശർമ്മയും നായകൻ സാം കറനും ചേർന്ന് നടത്തിയ ആക്രമണമാണ് പഞ്ചാബിന് ആശ്വാസ ജയം സമ്മാനിച്ചത്.
രാജസ്ഥാനായി ആവേശ് ഖാൻ, യുസ്വേന്ദ്ര ചഹൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്‌ത്തി.