ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം രാജകുമാരന്മാർ വേനലവധി ആഘോഷിക്കാൻ രാജ്യം വിടുമെന്നാണ് മോദിയുടെ പരിഹാസം. “ലക്നൗവിലെ രാജകുമാരനും ഡൽഹിയിലെ രാജകുമാരനും വേനലവധി ആഘോഷിക്കാൻ വിദേശത്തേക്ക് പോകും,” മോദി പറഞ്ഞു.
കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ഉദ്ദേശിക്കുന്ന ഫലം നേടിയെടുക്കാൻ അവർക്ക് കഴിയുകയുമില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചു. “സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. അവർ പറയുന്നത് രാജ്യത്തെ വികസനം താനെയുണ്ടാകുമെന്നാണ്. അതും പെട്ടന്ന് പെട്ടന്ന് സംഭവിക്കുമത്രേ”, മോദി പറഞ്ഞു.
രാവെന്നോ പകലെന്നോ ഇല്ലാതെ ജനങ്ങളെ സേവിക്കുമെന്നത് തന്റെ ഗ്യാരന്റിയാണെന്ന് മോദി പറഞ്ഞു. തന്റെ ഓരോ നിമിഷവും ജന സേവനത്തിനുള്ളതാണ്. തന്റെ ശരീരത്തിലെ ഓരോ കണവും രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനാണെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
അമേഠിക്ക് പകരം റായ്‌ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെയും മോദി പരിഹസിച്ചു. റായ്‌ബറേലിയിലെ ജനങ്ങളും രാഹുലിനെ മടക്കി വീട്ടിലേക്ക് അയക്കുമെന്ന് അദ്ദേഹത്തിന് തന്നെയറിയാം. ആദ്യം അമേഠി ഉപേക്ഷിച്ചു. ഇനി റായ്‌ബറേലിയും ഉപേക്ഷിക്കും. രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ലെന്നും മോദി പറഞ്ഞു.
സുസ്ഥിരമായ എൻഡിഎ ഭരണത്തിന് പകരം ഓരോ വർഷവും ഓരോ നേതാക്കന്മാരെ പ്രധാനമന്ത്രിയാക്കി ഇന്ത്യ ഭരിക്കാനാണ് ഇൻഡി സഖ്യത്തിന്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.ഉത്തർപ്രദേശിലെ ഒരു പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.