സ്വന്തം നാട്ടിൽ സീസണിലെ അവസാന മത്സരത്തിലും പരാജയം രുചിച്ച് മുംബൈ ഇന്ത്യൻസ്. മുൻ നായകൻ രോഹിത് (38 പന്തിൽ 68) ശർമ്മയുടെ ഇന്നിംഗ്സാണ് വലിയൊരു നാണക്കേടിൽ നിന്ന് മുംബൈയെ കരകയറ്റിയത്. സീസണിലെ പത്താം തോൽവിയോടെയാണ് മുംബൈ ഐപിഎൽ യാത്ര അവസാനിപ്പിച്ചത്. ലക്നൗ ഉയർത്തിയ 215 റൺസിലേക്ക് ബാറ്റേന്തിയ മുംബൈക്കായി രോഹിത് ശർമ്മയും അതിവേഗം അർദ്ധ സെഞ്ച്വറിയടിച്ച നമൻ ധിറുമാണ് പൊരുതി നോക്കിയത്.
18 റൺസിനാണ് ലക്നൗവിന്റെ ജയം. ഏഴു വിജയവുമായാണ് ലക്നൗ ഐപിഎൽ യാത്രക്ക് അന്ത്യം കുറിച്ചത്. നിശ്ചിത ഓവറിൽ മുംബൈക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.നല്ല തുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന് കഴഞ്ഞില്ല. 20 പന്തിൽ 23 റൺസുമായി താരം പുറത്തായി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് ഡക്കായതോടെ മുംബൈ പതറി. നാലാമനായി ക്രീസിലെത്തിയ ഇഷാൻ കിഷനും(15 പന്തിൽ 14) താളം കണ്ടെത്താതിരുന്നതോടെ മുംബൈ മദ്ധ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും 16 റൺസുമായി കൂടാരം കയറി ഉത്തരവാദിത്തം മറന്നു. മൊഹ്സിൻ ഖാനായിരുന്നു വിക്കറ്റ്. നെഹൽ വധേര ഒരു റൺസുമായി ബിഷ്ണോയ്‌ക്ക് വിക്കറ്റ് നൽകി മടങ്ങി. വിക്കറ്റ് താെഴിയുമ്പോഴും ഒരു വശത്ത് നിന്ന് അക്രമിച്ച് കളിച്ച നമൻ ധിർ പുറത്താകാതെ നേടിയ 27 പന്തിൽ 57 റൺസാണ് തോൽവി ഭാരം കുറച്ചത്. നവീൻ ഉൾ ഹഖ്, രവി ബിഷ്ണോയ് എന്നിവർ രണ്ടുവിക്കറ്റ് നേടിയപ്പോൾ. ക്രുനാൽ പാണ്ഡ്യക്കും മൊഹ്സിൻ ഖാനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.