വാഷിംഗ്‌ടൺ: തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുന്ന പഞ്ചൻലാമയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് അമേരിക്ക. ടിബറ്റൻ ആത്മീയ നേതാവ് പഞ്ചൻ ലാമയെ കാണാതായി 29 വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് അമേരിക്ക ചൈനയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ഇറക്കിയ പത്രകുറിപ്പിലാണ് അമേരിക്ക പഞ്ചൻ ലാമയുടെ വിഷയം ഉയർത്തിക്കാട്ടിയിരിക്കുന്നത്.
പഞ്ചൻ ലാമയുടെ തിരോധാനത്തിന്റെ 29 വർഷങ്ങൾ എന്ന തലക്കെട്ടോടെയാണ് പത്രക്കുറിപ്പ്. ചൈനീസ് ഗവണ്മെന്റ് ടിബറ്റൻ ബുദ്ധസമൂഹത്തിന് അവരുടെ പ്രധാനപ്പെട്ട ആത്മീയ നേതാവായ പഞ്ചൻ ലാമയെ കാണാനോ വിവരങ്ങൾ അറിയാനോ ഉള്ള അവകാശം നിഷേധിക്കുകയാണ്. പകരം ചൈനീസ് ഗവണ്മെന്റ് അവർ തെരഞ്ഞെടുത്ത പകരക്കാരനെയാണ് ആ സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ടിരിക്കുന്നതെന്നും കുറിപ്പ് വ്യക്തമാക്കുന്നു.
ടിബറ്റൻ ബുദ്ധമത വിശ്വാസ പ്രകാരം ദലൈലാമ കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സ്ഥാനം വഹിക്കുന്നയാളാണ് 11-ാം പഞ്ചൻ ലാമ. പഞ്ചൻ ലാമയെ ആറാമത്തെ വയസ്സിലാണ് ചൈനീസ് അധികാരികൾ തട്ടിക്കൊണ്ടുപോയതെന്ന് ടിബറ്റൻ ഭരണകൂടം പറയുന്നു. ദലൈലാമ ആറ് വയസുള്ള ലാമയെ 11-ാം പഞ്ചൻ ലാമയായി അവരോധിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് ചൈന പഞ്ചൻലാമയെ തട്ടികൊണ്ട് പോയത്.
മറ്റെല്ലാ മത സമൂഹത്തെയും പോലെ ടിബറ്റൻ ബുദ്ധസമൂഹത്തിനും അവരുടെ വിശ്വാസമനുസരിച്ച് നേതാക്കന്മാരെ തെരഞ്ഞെടുക്കാനും മത വിദ്യാഭ്യാസം നൽകാനുമുള്ള അധികാരമുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. പഞ്ചൻ ലാമയ്‌ക്ക് അദ്ദേഹത്തിന്റെ മനുഷ്യാവകാശപരമായ നീതി ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.