മോഹൻലാൽ-ശോഭന താരജോഡികൾ വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് എൽ- 360. പ്രഖ്യാപനം മുതൽ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. 15 വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങൾ ഒന്നിക്കുന്ന എൽ- 360-ന്റെ പുതിയ അപ്ഡേറ്റ് നാളെയെത്തുമെന്നാണ് റിപ്പോർട്ട്.
മോഹൻലാലിന്റെ പിറന്നാൾ ദിനമായതിനാൽ നാളെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റിലും എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഒരു സർപ്രൈസ് അപ്ഡേറ്റിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.
സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ‘ദൃശ്യ’ത്തിലെ പോലെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഭാര്യയ്‌ക്കും മക്കൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സാധാരണ ടാക്സി ഡ്രൈവർ. ബിനു പപ്പ, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു.
തരൂൺ മൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് വർഷങ്ങൾക്ക് ശേഷം ശോഭന അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണിത്. തൊടുപുഴയിലാണ് ചിത്രീകരണം നടക്കുന്നത്.















