ന്യൂഡൽഹി: അഹമ്മദാബാദ് എയർപോർട്ടിൽ നിന്ന് പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്തിൽ ചാവേറാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായ നാല് പേരും കൊളംബോയിൽ നിന്ന് ചെന്നൈ വഴിയാണ് അഹമ്മദാബാദിൽ എത്തിയത്. ഭീകരബന്ധമുള്ള നാല് പേർ അഹമ്മദാബാദ് എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങൾ കർശനമാക്കിയിരുന്നു. പിടിയിലായവരിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ, ശ്രീലങ്കൻ കറൻസി, പാക് നിർമിത ആയുധങ്ങൾ, ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക എന്നിവ പിടിച്ചെടുത്തു.
പാകിസ്താനിൽ നിന്നുള്ള അബു എന്നയാളിൽ നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നുള്ള നിർദേശങ്ങൾ നാല് പേർക്കും ലഭിച്ചിരുന്നത്. ഗുജറാത്തിൽ ചാവേർ ആക്രമണം നടത്താൻ യുവാക്കളെ നിർദേശിച്ചത് അബുവായിരുന്നു. ബോംബ് നിർമിക്കാനായി 4 ലക്ഷം രൂപയും യുവാക്കൾക്ക് നൽകി. ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട അഹമ്മദാബാദിലെ ചില നഗരങ്ങളുടെ ലൊക്കേഷൻ യുവാക്കളുടെ ഫോണിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.