ന്യൂഡൽഹി: അഴിമതിയുടെ പേരിൽ ജയിലിലായിട്ടും രാജിവയ്ക്കാതെ അധികാരത്തിൽ തുടരുന്ന കെജ്രിവാളിനെ പോലെ നാണംകെട്ട ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൗത്ത് ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി രാംവീർ സിംഗ് ബിധുരിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും ബിജെപി ഇക്കുറി വിജയിക്കും. ജനങ്ങളിൽ നിന്ന് ബിജെപിക്ക് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. ആം ആദ്മി സർക്കാരിൽ ജനങ്ങൾ ഇന്ന് വിശ്വസിക്കുന്നില്ല. കെജ്രിവാളിനെ പോലെ നാണമില്ലാത്ത ഒരു നേതാവിനെ കണ്ടിട്ടില്ല. ലാലു പ്രസാദ് യാദവ്, ജയലളിത ഇവരെല്ലാം രാജവച്ചതിന് ശേഷമാണ് ജയിലിലേക്ക് പോയത്. മറ്റ് മന്ത്രിമാരും ജയിലിൽ പോയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ തയ്യാറാകാതെ ജയിലിൽ പോയ ആളാണ് കെജ്രിവാൾ.
ഫെവിക്കോൾ ഒട്ടിച്ചാണ് അദ്ദേഹം ആ സീറ്റിൽ ഇരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ എല്ലാ സീറ്റുകളിലും ബിജെപി വിജയം നേടിയിട്ടുണ്ടാകും. അപ്പോൾ ഈ ഫെവിക്കോൾ എല്ലാം പോകും. 3ജി സർക്കാരാണ് ഡൽഹിയിൽ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ളത്. അതിന് മുൻപത്തെ ജി അഴിമതിയുടെ പേരിലുള്ളതാണ്. മൂന്നാമത്തെ ജി തട്ടിപ്പിന്റെ പേരിലാണുള്ളത്.
സ്വയം സത്യസന്ധനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹം ഇന്ന് സത്യത്തിന്റെ കണിക പോലും ഇല്ലാത്ത പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. മദ്യ അഴിമതിക്ക് പുറമെ വാട്ടർ ബോർഡ് അഴിമതി, ക്ലാസ്റൂം കൺസ്ട്രക്ഷൻ അഴിമതി എന്നിവയുൾപ്പെടെ എട്ട് അഴിമതി കേസുകളാണ് കെജ്രിവാളിനെതിരെയുള്ളത്. ഇതിൽ മദ്യനയക്കേസിൽ മാത്രമാണ് ഇതുവരെ അന്വേഷണം വന്നത്. ബാക്കിയുള്ളവയിൽ ഇനിയും അന്വേഷണം അവശേഷിക്കുകയാണെന്നും” അമിത് ഷാ പറഞ്ഞു.