ന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പഠനബോധന പ്രക്രിയയിൽ ഹിന്ദിയും മലയാളം ഉൾപ്പടെയുള്ള മറ്റ് പ്രാദേശിക ഭാഷകളും ഉൾപ്പെടുത്താൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) തീരുമാനം. വൈബ്രന്റ് അഡ്വക്കൻസി ഫോർ അഡ്വാൻസ്മെന്റ് ആൻഡ് നർചറിംഗ് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (വാണി) എന്ന പേരിലാണ് പദ്ധതി.
ഹിന്ദിക്ക് പുറമേ മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാഠി, പഞ്ചാബി, ബംഗാളി, അസമീസ്, ഒഡിയ, ഉറുദു എന്നീ ഭാഷകളാണ് തെരഞ്ഞെടുത്തത്. ഹിന്ദിയിൽ 12-ഉം മറ്റുള്ളവയിൽ എട്ട് വീതവും സെമിനാറുകൾ ഉണ്ടാകും. അഡ്വാൻസ്ഡ് മെറ്റീരിയൽസ്, സെമി കണ്ടക്ടർ, ബഹിരാകാശ പഠനം, ഊർജ്ജം, കാലാവസ്ഥ വ്യതിയാനം, അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ്, അഗ്രോടെക്ക്, ഭക്ഷ്യ സംസ്കരണം, ആരോഗ്യം, ദുരന്ത നിവാരണം, വ്യവസായം തുടങ്ങിയ മേഖലകളിലാകും ഇത്.
ഗവേഷണ പ്രബന്ധങ്ങളിലുൾപ്പടെ ഇന്ത്യൻ ഭാഷകളെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത കലാലയങ്ങളിൽ ഇതിനായി സമ്മേനങ്ങളോ സെമിനാറോ ശിൽപശാലയോ നടത്തും. ഇത്തരത്തിലുള്ള 100 പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ അദ്ധ്യയന വർഷവും രണ്ട് കോടിയുടെ സാമ്പത്തിക സഹായവും എ.ഐ.സി.ടി.ഇ നൽകും.















