ഇസ്രായേൽ- ഹമാസ് സംഘർഷത്തിനിടെ സ്വതന്ത്ര പലസ്തീൻ വാദത്തെ എതിർത്ത് ബ്രിട്ടീഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദി. പലസ്തീൻ രാഷ്‌ട്രം സ്ഥാപിതമായാൽ അത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ പോലെ ആയിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. താലിബാന് സമാനമായ ഭീകരവാദ സംഘടനയാണ് ഹമാസ് എന്നും അവരുടെ ഭരണമായിരിക്കും പലസ്തീനിൽ ഉണ്ടാവുക എന്നും റുഷ്ദി പറഞ്ഞു.
യുഎസ് കാമ്പസിലെ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെക്കുറിച്ചും സൽമാൻ റുഷ്ദി പ്രതികരിച്ചു. ജർമ്മൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹമാസ് ഭരിക്കുന്ന പലസ്തീൻ, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ആയിരിക്കുമെന്ന് റുഷ്ദി മുന്നറിയിപ്പ് നൽകിയത്. താൻ ദീർഘകാലമായി പലസ്തീനെ പിന്തുണച്ചിരുന്നുവെന്നും എന്നാൽ, അഫ്ഗാനിസ്ഥാനിലെപ്പോലെ സ്വേച്ഛാധിപത്യ ഭരണമായി മാറുമെന്ന് തോന്നിയതു കൊണ്ടാണ് ഇന്ന് ഈ വാദത്തെ എതിർക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
“ഹമാസ് ഭീകരവാദികൾ ഭരിക്കുന്ന പലസ്തീൻ. ഇതാണോ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ ആഗ്രഹിക്കുന്നത്? ഗാസയിലെ കഷ്ടപ്പാടുകളെപ്പറ്റി എനിക്ക് അറിയാം. ഒരുപാട് ആശങ്കകളുണ്ട്. എന്നാൽ, ഹമാസ് എന്നത് ഒരു തീവ്രവാദ സംഘടനയാണ്. പുരോഗമനവാദികൾ ഒരു ഫാസിസ്റ്റ് തീവ്രവാദ ഗ്രൂപ്പിനെയാണ് പലസ്തീന്റെ പേരിൽ പിന്തുണയ്‌ക്കുന്നത്. യഹൂദ വിരോധത്തിലേക്കും ഹമാസിനെ പിന്തുണയ്‌ക്കുന്നതിലേയ്‌ക്കും ജനങ്ങൾ വഴുതി വീണാൽ അത് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും”- സൽമാൻ റുഷ്ദി അഭിമുഖത്തിൽ പറഞ്ഞു.
ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി നേരിടുന്ന എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. 1989-ൽ സൽമാൻ റുഷ്ദിക്കെതിരെ ഇറാന്റെ പരമോന്നത നേതാവ് ഖൊമേനി ഫത്‌വ പുറപ്പെടുവിച്ചതിന് ശേഷമാണ് അദ്ദേഹം തീവ്ര ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടായി മാറിയത്. ‘ദ സാത്താനിക് വേഴ്‌സ്’ എന്ന റുഷ്ദിയുടെ നോവലാണ് ഇതിന് കാരണം. മതനിന്ദ ആരോപിച്ചാണ് ഇദ്ദേഹത്തെ ഇസ്ലാമിസ്റ്റുകൾ ആക്രമിക്കുന്നത്.















