ഐപിഎല്ലിലെ ആദ്യ ഫെനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കുഞ്ഞൻ സ്‌കോറിൽ വരിഞ്ഞുമുറുക്കി കൊൽക്കത്ത. ആരാധകർ റൺമല പ്രതീക്ഷിച്ച മത്സരത്തിൽ ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത് മിച്ചൽ സ്റ്റാർക്കാണ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് ഹൈദരാബാദ് നേടിയത്. 55 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് എസ്ആർഎച്ചിന്റെ ടോപ് സ്‌കോറർ.
തകർച്ചയോടെയാണ് ഹൈദരാബാദ് ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ട്രാവിസ് ഹെഡിനെ(0) പുറത്താക്കി മിച്ചൽ സ്റ്റാർക്ക് ഹൈദരാബാദിന് പ്രഹരം നൽകി. താരത്തെ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. പിന്നാലെ തുടർച്ചയായി അഭിഷേക് ശർമ്മയുടെയും(3) നിതീഷ് കുമാർ റെഡിയുടെയും(9), ഷഹ്ബാസ് അഹമ്മദിന്റെയും(0) വിക്കറ്റ് വീണതോടെ ഹൈദരാബാദ് വിയർത്തു. ക്രീസിലൊന്നിച്ച രാഹുൽ ത്രിപാഠി -ഹെന്റിച്ച് ക്ലാസൻ സഖ്യമാണ് ഹൈദരാബാദിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ക്ലാസനെ(32) പുറത്താക്കി വരുൺ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അബ്ദുൾ സമദിനെ കൂട്ടുപിടിച്ച് രാഹുൽ റൺമലയുയർത്താൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 16 റൺസെടുത്ത സമദിനെ ഹർഷിത് റാണ നായകൻ ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു. 13-ാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഇന്നിംഗിസിലെ പോരാളിയായ രാഹുലിനെയും ഹൈദരാബാദിന് നഷ്ടമായി. ഗുർബ്ബാസ് നൽകിയ പന്തിൽ ആന്ദ്രെ റസ്സൽ താരത്തെ റണ്ണൗട്ടാക്കുകയായിരുന്നു. സൺവീർ സിംഗ് (0), ഭുവനേശ്വർ കുമാർ(0), എന്നിവർക്കും ഹൈദരാബാദ് നിരയിൽ തിളങ്ങാനായില്ല. നായകൻ പാറ്റ് കമ്മിൻസിന്റെ (30) പ്രകടനമാണ് ഹൈദരാബാദിനെ 150 റൺസ് കടത്താൻ സഹായിച്ചത്.
കൊൽക്കത്തയ്‌ക്കായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുമായും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തിയും തിളങ്ങി. വൈഭവ് അറോറ, ഹർഷിത് റാണ, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ ഒരു വിക്കറ്റ് വീതം വീഴ്‌ത്തി. ഇന്ന് ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടും. തോൽക്കുന്ന ടീമിന് ഒരു അവസരം കൂടിയുണ്ട്.