തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ-മദ്ധ്യ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോ മീറ്റർവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് അവഗണിക്കരുതെന്നും നിർദ്ദേശമുണ്ട്. ഉയർന്ന തീരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ആന്ധ്രാ തീരത്തിന് അകലെയായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വെള്ളിയാഴ്ചയോടെ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.