മൊറാദാബാദ് : മദ്യപിച്ച് പതിവായി തല്ലും വഴക്കുമുണ്ടാക്കിയ ഭർത്താവിനെ ഭാര്യ അടിച്ചു കൊലപ്പെടുത്തി . ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബിലാരി കനോബി ഗ്രാമത്തിലാണ് സംഭവം . 35 കാരനായ നേപ്പാൾ സിംഗാണ് കൊല്ലപ്പെട്ടത് . സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ വിനീതയെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിവായി വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു നേപ്പാൾ സിംഗ് . ഭാര്യ പലതവണ വിലക്കിയിട്ടും നേപ്പാൾ സിംഗ് മദ്യപാനം നിർത്താൻ തയ്യാറായില്ല . കഴിഞ്ഞ ദിവസം നേപ്പാൾ സിംഗ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. തുടർന്ന് ഭാര്യ വിനീത ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് വടികൊണ്ട് മർദിക്കുകയായിരുന്നു.
മദ്യലഹരിയിലായ നേപ്പാൾ സിംഗ് മർദ്ദനമേറ്റതോടെ മരിച്ചു. നേപ്പാളിന്റെ സഹോദരൻ ധർമ്മേന്ദ്രയാണ് വിവരം പൊലീസിൽ അറിയിച്ചത് . സംഭവത്തിൽ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു .