മുംബൈ: മെയ് 28 മുതൽ ജൂൺ 2 വരെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ (CSMT) അറ്റകുറ്റപണികളും പത്തും പതിനൊന്നും പ്ലാറ്റ്ഫോമുകളുടെ വിപുലീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ മുംബൈ-പൂനെ റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തേക്കും. പുനെയിൽ നിന്നുള്ള ചില ട്രെയിനുകൾ ദാദറിൽ യാത്ര അവസാനിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ പ്രഗതി എക്സ്പ്രസും ഡെക്കാൻ എക്സ്പ്രസും ഉൾപ്പെടുന്നു.
പ്ലാറ്റ്ഫോം അറ്റകുറ്റപ്പണികൾ ഏകദേശം രണ്ടാഴ്ച നീണ്ടുനിൽക്കും. പൂനെയ്ക്കും മുംബൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളെ ഇത് ബാധിക്കുമെന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, പൂനെ-മുംബൈ-പുണെ പ്രഗതി എക്സ്പ്രസ് മെയ് 28 മുതൽ ജൂൺ 2 വരെ റദ്ദാക്കും. പൂനെ – മുംബൈ ഇന്റർസിറ്റി എക്സ്പ്രസ് മെയ് 31 മുതൽ ജൂൺ 2 വരെയും റദ്ദാക്കും.
പൂനെ-മുംബൈ-പൂനെ ഡെക്കാൻ എക്സ്പ്രസ്, പൂനെ-മുംബൈ-പുനെ ഡെക്കാൻ ക്വീൻ എക്സ്പ്രസ്, കുർള-മർഗാവ്-കുർള തുടങ്ങിയ സർവ്വീസുകൾ ജൂൺ 1, ജൂൺ 2 തീയതികളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താൽക്കാലികമായി നിർത്തിവെക്കും.