ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വച്ച് ആക്രമിക്കപ്പെട്ടുവെന്ന വിവാദം കനക്കുന്നതിനിടെ, തന്റെ രാജ്യസഭാ സീറ്റ് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി സ്വാതി മാലിവാൾ. പാർട്ടി തന്നോടൊപ്പം നിൽക്കുകയും, അനുഭാവപൂർവ്വം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ സ്ഥാനം രാജിവയ്ക്കുമായിരുന്നു. എന്നാൽ മറ്റൊരു തരത്തിലുള്ള സമ്മര്ദ്ദത്തിന് വഴങ്ങില്ലെന്നും സ്വാതി മാലിവാൾ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
” രാജ്യസഭാ സീറ്റ് ആം ആദ്മിക്ക് വേണമെങ്കിൽ അവരത് എന്നോട് ചോദിച്ചേനെ. എന്റെ ജീവൻ പോലും നൽകാൻ തയ്യാറായിരുന്നു. എംപി സ്ഥാനം എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല. നിങ്ങൾ ഇതുവരെയുള്ള എന്റെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ അത് മനസിലാകും. ഇന്ന് വരെ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല, അത് ആരോടും ചോദിച്ചിട്ടുമില്ല.
2006ലാണ് ഇവരോടൊപ്പം ചേരുന്നതിന് വേണ്ടി ജോലി ഉപേക്ഷിക്കുന്നത്. മൂന്ന് പേരാണ് അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നത്. അന്ന് മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്. താഴേത്തട്ട് മുതലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചല്ല ജോലി ചെയ്തത്. എന്നാൽ അവരെന്നെ മർദ്ദിച്ച് ഉപേക്ഷിച്ചു. ഇനി ഒരു കാരണവശാലും ഈ സ്ഥാനം രാജിവയ്ക്കാനോ ഉപേക്ഷിക്കാനോ പോകുന്നില്ല. ഇനിയുണ്ടാകുന്ന സമ്മർദ്ദങ്ങളിൽ തളരില്ലെന്നും” സ്വാതി മാലിവാൾ പറയുന്നു.
അതേസമയം ആക്രമണക്കേസിൽ അറസ്റ്റിലായ ബിഭാവ് കുമാറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കൈമാറാൻ ഡൽഹി കോടതി അനുമതി നൽകിയിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ ബിഭാവ് കുമാർ തന്റെ ഫോണിലെ വിവരങ്ങൾ ഫോർമാറ്റ് ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. മുംബൈയിലുള്ള ചില വ്യക്തികളുടെ കയ്യിലേക്ക് ചില നിർണായക തെളിവുകൾ ബിഭാവ് കുമാർ കൈമാറിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.