തിരുവനന്തപുരം: വേനൽ മഴയെത്തുടർന്ന് ഉപയോഗത്തിൽ കുറവുണ്ടായതിനാൽ, കെ എസ് ഇ ബി മുൻ കരുതലിലൂടെ ടെൻഡർ വഴി ആർജ്ജിച്ച വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷന് നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കൈമാറ്റ കരാറിലേർപ്പെട്ടു. മേയ് 31 വരെയുള്ള 6 ദിവസമാണ് കേരളം പഞ്ചാബിന് വൈദ്യുതി നൽകുക.
24 മണിക്കൂറും 300 മെഗാവാട്ടും പുലർച്ചെ 3 മുതൽ വൈകfട്ട് 6 വരെ 150 മെഗാവാട്ടുമാണ് നൽകുന്നത്. ഇങ്ങനെ കൊടുക്കുന്ന വൈദ്യുതി കേരളത്തിന് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഏപ്രിൽ മാസത്തിൽ (2025 ഏപ്രിൽ) കെ എസ് ഇബിക്ക് തിരികെ നൽകുമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം ചെയ്യുന്നത്. കേരളം നൽകുന്ന വൈദ്യുതിക്ക് 5% അധികമായി പഞ്ചാബ് തിരികെ നൽകും.
കേരളത്തിന് കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന രാത്രി 8 മുതൽ പുലർച്ചെ 2 വരെ 155 മെഗാവാട്ടും പുലർച്ചെ 2 മുതൽ രാത്രി 8 വരെ 95 മെഗാവാട്ടുമാണ് പഞ്ചാബ് തിരികെ നൽകുക. 2025 ഏപ്രിൽ 1 മുതൽ 30 വരെയുള്ള കാലയളവിൽ വൈദ്യുതി തിരികെ ലഭിക്കും. സംസ്ഥാനത്തുടനീളം വ്യാപകമായ രീതിയിൽ വേനൽ മഴ ഉണ്ടാവുകയും വൈദ്യുതിയുടെ ആവശ്യകതയിൽ 2000 മെഗാവാട്ട് കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വൈദ്യുതി കൈമാറ്റ കരാറിൽ ഏർപ്പെടാൻ തീരുമാനിച്ചത്.