പഴങ്ങളടക്കമുള്ള വിളകൾ തിന്ന് നശിപ്പിക്കുന്ന പുഴുക്കളെ കുറിച്ചുള്ള മുന്നറിയിപ്പുമായി ജപ്പാൻ . 10 വർഷത്തിനിടെ ആദ്യമായാണ് ജാപ്പനീസ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഏപ്രിലിൽ പ്രിഫെക്‌ചറിലെ 10 സ്ഥലങ്ങളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ സാധാരണ കാണുന്നതിന്റെ ഏഴിരട്ടിയിലധികം പുഴുക്കളെയാണ് കണ്ടെത്തി നശിപ്പിച്ചത് .
പഴങ്ങളെ കൂട്ടത്തോടെ ആക്രമിക്കുന്നവയാണിവ . ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ, ടോക്കിയോയിൽ ഉൾപ്പെടെ ദുർഗന്ധം വമിക്കുന്ന ഈ പുഴുക്കളെ കുറിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്ന് കൃഷി, വനം, മത്സ്യബന്ധന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പ്രാണികളുടെ എണ്ണം ഇതിനകം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വേനൽക്കാല പ്രജനന കാലത്തിനു ശേഷം ഇത് കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഇഷിക്കാവ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ മാന്താരോ ഹിറോണക പറയുന്നത് .
പ്രധാനമായും രണ്ട് തരം പുഴുക്കളെ കുറിച്ചുള്ള മുന്നറിയിപ്പാണ് സർക്കാർ നൽകിയിരിക്കുന്നത് . ദുർഗന്ധമുള്ള തവിട്ട് ചിറമുള്ള പുഴുക്കൾ , ദുർഗന്ധം വമിക്കുന്ന പച്ച നിറമുള്ള പുഴുക്കൾ . ആപ്പിൾ, പിയർ, പീച്ച് എന്നിവയുൾപ്പെടെയുള്ള പഴങ്ങൾക്ക് കേടുവരുത്തുന്ന കീടങ്ങളാണ് ഇവ . ഇതുമൂലം കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത് . “ഞങ്ങൾ കർഷകരോട് അവരുടെ ഫാമുകൾ പതിവായി ചുറ്റിക്കറങ്ങാൻ പറഞ്ഞിട്ടുണ്ട് . രാസവസ്തുക്കൾ സ്പ്രേ ചെയ്യുന്നതും പഴങ്ങൾ വളർന്ന് തുടങ്ങുമ്പോൾ തന്നെ ബാഗിലിടുന്നതും സംരക്ഷണ നടപടികളിൽ ഉൾപ്പെടുന്നു. ഇവയൊക്കെ അവലംബിക്കാവുന്നതാണ് “ – കൃഷി, വനം, മത്സ്യബന്ധന മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.