എറണാകുളം: പുതുവൈപ്പിലെ വെള്ളക്കെട്ടിൽ മത്സ്യത്തൊഴിലാളി മരിച്ച നിലയിൽ. പുതുവൈപ്പ് സ്വദേശി ദിലീപാണ് മരിച്ചത്. 51 വയസായിരുന്നു. രാത്രി വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ബീച്ചിന് സമീപത്തെ വെള്ളക്കെട്ടിൽ രാത്രി നേരങ്ങളിൽ നാട്ടുകാർ മീൻ പിടിക്കാനെത്താറുണ്ട്. ദിലീപും ഇവിടെ സ്ഥിരമായി മീൻ പിടിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വലവീശുന്നതിനിടെ ഹൃദയാഘാതം വന്ന് വെള്ളത്തിൽ വീണിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്നും പൊലീസ് പറഞ്ഞു.