ഭുവനേശ്വർ: ജൂൺ 10 ന് ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ നവീൻ പട്നായിക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ കാരണം കണ്ടെത്താൻ പ്രത്യേക കമ്മിറ്റിയെ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അനുയായിയായ വി കെ പാണ്ഡ്യന്റെ കൈപിടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്ന നവീൻ പട്നായിക്കിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഒഡീഷയിലെ മയൂർഭഞ്ചിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഈയിടെയായി നവീൻ ബാബുവിന്റെ അഭ്യുദയകാംക്ഷികൾ വളരെ ആശങ്കയിലാണ്. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എത്രത്തോളം വഷളായതാണെന്ന് നമ്മൾ കണ്ടതാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ എന്നെ കാണുമ്പോഴെല്ലാം നവീൻ ബാബുവിന്റെ ആരോഗ്യത്തെ കുറിച്ചാണ് ചർച്ച ചെയ്തിരുന്നത്. ഇനി നവീൻ ബാബുവിനെ കൊണ്ട് ഒന്നും ചെയ്യാൻ ആകില്ലെന്നാണ് അവർ പറയുന്നത്. പലരും വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ്,” മോദി പറഞ്ഞു.
നവീൻ പട്നായിക്കിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതറിയാനുള്ള അവകാശം ഒഡീഷയിലെ ജനങ്ങൾക്കുണ്ടെന്ന് മോദി പറഞ്ഞു. ഇനി നവീൻ ബാബുവിനെ കൊണ്ട് ഒന്നും ചെയ്യാൻ ആകില്ലെന്നാണ് അവർ പറയുന്നത്. അദ്ദേഹത്തിന്റെ പേരിൽ തിരശീലയ്‌ക്ക് പിന്നിലിരുന്ന് അധികാരം ആസ്വദിക്കുന്ന ഒഡീഷയിലെ ലോബികൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദുരൂഹത പുറത്ത് കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അതിനാൽ ജൂൺ 10 ന് ഒഡീഷയിൽ ബിജെപി സർക്കാർ രൂപീകരിച്ച ശേഷം ഇത് അന്വേഷിച്ച് കണ്ടെത്താൻ ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുമെന്നും മോദി പറഞ്ഞു.
ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം ബിജെഡി കൊള്ളയടിച്ചുവെന്നാരോപിച്ച മോദി ഒഡീഷയിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വന്നാൽ ഭണ്ഡാരത്തിന്റെ താക്കോൽ നഷ്ടപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്തുമെന്നും ബിജെഡി സർക്കാർ ഒളിപ്പിച്ചു വയ്‌ക്കാൻ ശ്രമിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്തു കൊണ്ടുവരുമെന്നും പറഞ്ഞു.