ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ച് 6 മാസം പിന്നിടുമ്പോൾ രാജ്യത്ത് വൻ പുരോഗതിയുണ്ടാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ വളർച്ചയിൽ ‘ കുടുംബ രാഷ്ട്രീയക്കാർ’ അസ്വസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡിഷയിലെ കേന്ദ്രപാറയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ജൂൺ നാലിന് വോട്ടെണ്ണുന്നതിനായുള്ള ആവേശത്തിലാണ് ജനങ്ങൾ. എന്നാൽ കുടുംബ രാഷ്ട്രീയക്കാർക്ക് അവരുടെ വിഷമം ഉച്ചസ്ഥായിയിലാണ്. ആവർത്തിച്ചു പരാജയപ്പെടുന്ന കുടുംബ രാഷ്ട്രീയക്കാരെ സ്വന്തം പാർട്ടിയിലെ ആളുകൾ തന്നെ കുറ്റപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഫലപ്രഖ്യാപനത്തോടെ രാജ്യത്തെ മാറ്റങ്ങളും കുടുംബ രാഷ്ട്രീയക്കാരുടെ ശിഥിലീകരണവും നിങ്ങൾക്ക് കാണാം.”- പ്രധാനമന്ത്രി പറഞ്ഞു.
ഒഡിഷയിലെ ജനങ്ങൾ കൊള്ളക്കാരെ അകറ്റി നിർത്തും. ഡബിൾ എഞ്ചിൻ സർക്കാരെ തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിലാണ് ഒഡിഷ. മൂന്നാം തവണയും ശക്തമായ ഗവൺമെന്റിന് വേണ്ടി ബിജെപിയെ തന്നെ രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ വീടുകളിലേക്കും ശുദ്ധജലമെത്തിക്കുകയെന്നത് തന്റെ ലക്ഷ്യമാണെന്നും എന്നാൽ ഒഡിഷയിൽ കേന്ദ്രത്തിന്റെ സഹായങ്ങളും പദ്ധതികളും വേണ്ട രീതിയിൽ ആളുകളിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിനായി പരിശ്രമിക്കുന്നുണ്ടെങ്കിലും ബിജെഡി അതിന് തടയിടുകയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.
മോദി സർക്കാർ ലക്ഷ്യം വയ്ക്കുന്നത് വികസനത്തിലേക്കുള്ള പാതയാണ്. അതിനൊപ്പം രാജ്യവും ഒഡിഷയും ഒപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.