ഖത്തറിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിൽ ഇടംപിടിച്ച് മലയാളിയും. കണ്ണൂർ സ്വദേശി തഹ്‌സിൻ മുഹമ്മദാണ് 29 അംഗ ടീമിൽ ഇടം നേടിയത്. മുന്നേറ്റ നിരയിലും ഇടത് വിംഗിലുമാണ് തഹ്‌സിൻ കളിക്കുന്നത്. ദോഹയിൽ ജൂൺ11 ന് ഇന്ത്യക്കെതിരെയാണ് ഖത്തറിന്റെ മത്സരം.
ഖത്തറിന്റെ ജൂനിയർ ടീമിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് സീനിയർ ടീമിൽ ഇടംനേടുന്നത്. ആസ്പയർ സ്പോർട്സ് അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്ത് വയ്‌ക്കുന്നത്. ഖത്തർ ക്ലബ്ബായ അൽ ദുഹൈലിന്റെ താരമാണ് തഹ്‌സിൻ. എഎഫ്‌സി അണ്ടർ 17 ടൂർണമെന്റിൽ ഖത്തറിനായി കളിച്ചിട്ടുണ്ട്.
ഖത്തർ ടോപ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റേയും ഷൈമയുടേയും മകനാണ്. ഇരുവരും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോൾ ടീമിന്റെ ഭാഗമായിരുന്നു.















