ന്യൂഡൽഹി: മദ്യനയ കുംഭക്കോണകേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം റോസ് അവന്യൂ കോടതിയാണ് പരിഗണിക്കുക.
കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പെട്ടെന്ന് വാദം കേൾക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരിയും കെ.വി.വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ചത്. അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴ് ദിവസത്തേക്ക് കൂടി ജാമ്യം നീട്ടണമെന്ന ആവശ്യവുമായാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ജാമ്യം. വോട്ടെടുപ്പിന് ശേഷം ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങാനാണ് കോടതി നിർദേശിച്ചിരുന്നത്. ഇതിനിടെയാണ് ജാമ്യം നീട്ടണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്.