തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. വൈകിട്ട് നാലരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തിയത്. തുടർന്ന് അദ്ദേഹം കന്യാകുമാരിയിലേക്ക് ഹെലികോപ്റ്ററിൽ യാത്ര തിരിച്ചു.
മൂന്നരയോടെ പ്രധാനമന്ത്രിയുമായി തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വ്യോമസേനയുടെ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് വൈകിയാണ് വന്നത്. കന്യാകുമാരിയിലേക്ക് യാത്രതിരിച്ച പ്രധാനമന്ത്രി തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വിവേകാനന്ദപ്പാറയിലേക്ക് എത്തുക.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടുമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണ റാലികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തുന്നത്. ഇവിടെ ദീർഘനേരം അദ്ദേഹം ധ്യാനമിരിക്കുമെന്നാണ് വിവരം.
പൊതുതെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ജൂൺ ഒന്നിന് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കും. ഇന്നത്തോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഈയവസരത്തിലാണ് പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.