മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് രഘുനാഥ് പാലേരി. എക്കാലവും പ്രശംസിക്കപ്പെടുന്ന ഒരുപിടി ക്ലാസിക് ചിത്രങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നിട്ടുണ്ട്. നടന വിസ്മയം മോഹൻലാലുമായി കൈകോർത്തപ്പോൾ മലയാള സിനിമയ്‌ക്ക് ലഭിച്ചത് എത്ര പ്രശംസിച്ചാലും മതിയാവാത്ത ഗംഭീര സിനിമകൾ. പിൻഗാമി, ദേവദൂതൻ, വാനപ്രസ്ഥം എന്നീ സിനിമകൾ ഇന്നും പാഠപുസ്തകങ്ങളാണ്. ഇപ്പോഴിതാ, മോഹൻലാൽ എന്ന അഭിനയ പുസ്തകത്തെപ്പറ്റി മനസ്സ് തുറക്കുകയാണ് രഘുനാഥ് പാലേരി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിന്റെ അഭിനയത്തെ അദ്ദേഹം വാനോളം പ്രശംസിച്ചത്.
“മോഹൻലാലിനു വേണ്ടി മാത്രം ഒരു കഥ എഴുതാറില്ല. മോഹൻലാലിനെ പറ്റിയുള്ള ഒരു അഭിപ്രായം അല്ല ഞാൻ പറയുന്നത്, എനിക്ക് ഫീൽ ചെയ്ത കാര്യമാണ്. ചിലത് ലാലിന് കൊടുക്കുമ്പോൾ, ലാൽ അതിന്റെ ഉള്ളിൽ പോയി എവിടെയാണ് സ്പർശിക്കുന്നതെന്ന് പറയാൻ സാധിക്കില്ല. എന്റെ ആദ്യത്തെ സിനിമയിൽ ലാൽ ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമാണ്. എന്ത് ആ സമയത്ത് തോന്നുന്നോ, അത് ലാൽ ചെയ്യും”.
“മോഹൻലാൽ ഒരു വെളിച്ചപ്പാടിനെ പോലെയാണ്. എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. വാൾ കയ്യിലെടുത്ത് കൊടുത്താൽ ഒരാൾ, വാൾ കയ്യിൽ നിന്നും മാറ്റിയാൽ മറ്റൊരാൾ. ഷോട്ട് എടുക്കുന്ന സമയത്തെ ലാലും ഷോട്ട് കഴിഞ്ഞുള്ള ലാലും രണ്ടും രണ്ടാണ്. ഒരു തോൽ ഉരിഞ്ഞതുപോലെയാണ് ലാൽ. ഞങ്ങൾ അവസാനം ചെയ്ത പടം വാനപ്രസ്ഥമാണ്. അതിലൊക്കെ ലാൽ തരുന്ന ഒരു വെളിച്ചം. എങ്ങനെ അതുപോലെ അഭിനയിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിനുശേഷം ലാലിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് തോന്നിയിട്ടേയില്ല. കാരണം, എന്തോ ഉന്നതിയിൽ എത്തിയ പോലെ യായിരുന്നു. കയറി കയറി എവറസ്റ്റിനു മുകളിൽ എത്തി. പിന്നെ കാൽവയ്‌ക്കാൻ സ്ഥലമില്ലാത്തതുപോലെ. ഇനി ഞാൻ വളർന്നാൽ മാത്രമേ, ലാലിനു വേണ്ടി ഒരു സിനിമ ചെയ്യാൻ കഴിയൂ”- രഘുനാഥ് പലേരി പറഞ്ഞു.















