‘കാതിൽ തേൻ മഴയായ് പാടൂ.. കാറ്റേ കടലേ’.. ഈ പാട്ട് കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. കോരിച്ചൊരിയുന്ന മഴയത്ത് കട്ടൻ ചായയ്‌ക്കൊപ്പം ഒരു പരിപ്പുവടയും കഴിച്ച് ഇത്തരം പാട്ടുകളൊക്കെ കേട്ടിരിക്കാൻ പ്രത്യേക സുഖമാണ്. എന്നാൽ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി ജനങ്ങൾ വലയുമ്പോൾ ഇത്തരം പാട്ടുകൾ കേട്ട്, മഴക്കാലം ആസ്വദിക്കാൻ സാധിക്കുമോ? എങ്കിൽ അതിന് സാധിക്കുമെന്നാണ് കേരളത്തിന്റെ സ്വന്തം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. മഴക്കാലം ആസ്വദിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മഴക്കാലം ആസ്വദിക്കുന്നതിന്റെ വീഡിയോ, മഴക്കാലക്കെടുതികൾ കൊണ്ട് വലഞ്ഞിരിക്കുന്ന ജനങ്ങൾക്കായി റീൽ രൂപത്തിൽ പുറത്തുവിട്ടത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലേക്ക് മഴത്തുള്ളികൾ വീഴുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം കാതിൽ തേൻ മഴയായ് പാടൂ കാറ്റേ കടലേ എന്ന ബാക്ക്ഗ്രൗണ്ട് സോംഗും ഉൾപ്പെടുത്തിയ വീഡിയോയാണിത്. എന്നാൽ വീഡിയോ പുറത്തുവിട്ടതോടെ സംഗതി ട്രോളായി.
” കേരളത്തിൽ ഇത്രയും ജനങ്ങൾ മഴ കാരണം കഷ്ടപ്പെടുമ്പോൾ, ഇടപ്പള്ളി മുതലായ പ്രമുഖ നഗരങ്ങൾ ഇവിടെ മുങ്ങി കിടക്കുമ്പോൾ, നിങ്ങൾക്ക് മഴ, കട്ടൻ ചായ, ജോൺസൺ മാഷ് മൂഡ്.. നന്നായിട്ടുണ്ട്, നല്ല ടൈംമിംഗ്’ എന്നും മന്ത്രിമാരുടെ കൂടെയുള്ളവരിൽ പണി അറിയാവുന്ന ഏക വ്യക്തി ക്യാമറാമാൻ ആണെന്നും തരത്തിൽ നിരവധി കമന്റുകളാണ് മന്ത്രിയുടെ വീഡിയോയ്‌ക്ക് ലഭിച്ചത്.
റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താതെ മഴക്കലാമാകുമ്പോൾ റോഡാണോ, കുളമാണോ എന്ന് മനസിലാക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലൂടെയാണ് ഇന്ന് കേരള ജനത കടന്നു പോവുന്നത്. ഇതിനിടയിലാണ് കേരളത്തിന്റെ സ്വന്തം പൊതുമരാമത്ത് മന്ത്രി മഴയുടെ സൗന്ദര്യം വർണിച്ച് രംഗത്തെത്തിയത്.















