ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരുന്നതിനായി വിരാട് കോലി ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചു. ഐപിഎല്ലിൽ, ഫൈനൽ കാണാതെ ബെംഗളൂരു പുറത്തായതിന് പിന്നാലെ കോലി വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഇടവേളയെടുത്തിരുന്നു. താരമൊഴികെയുള്ള ടീമിന്റെ ഭാഗമായ എല്ലാവരും രണ്ടു സംഘങ്ങളായി നേരത്തെ യുഎസ്സിലെത്തുകയും പരിശീലനത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
നാളെ ബംഗ്ലാദേശിനെതിരെയാണ് ടീം ഇന്ത്യയുടെ സന്നാഹ മത്സരം. കോലിക്ക് മത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. 5ന് അയർലൻഡിനെതിരെയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ആദ്യ മത്സരം. ഐപിഎല്ലിലും ഏകദിന ലോകകപ്പിലും പുറത്തെടുത്ത ഫോം ടി20 ലോകകപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 2007ലെ പ്രഥമ ട്വൻറി20 ലോകകപ്പ് നേടിയ ഇന്ത്യ, തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്.
മുംബൈ വിമാനത്താവളത്തിലെത്തിയ കോലി ആരാധകരുമായി സംസാരിക്കുകയും ഓട്ടോഗ്രാഫ് നൽകുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.