ചണ്ഡീഗഢ്: കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. കന്യാകുമാരിയിലെ വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിമർശനം ഹിന്ദു ആചാരങ്ങളെ എതിർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് പൂനവാല പറഞ്ഞു. പ്രധാനമന്ത്രിയെ എതിർക്കുന്നതിലൂടെ സനാതന ധർമ്മത്തിനെതിരായ കോൺഗ്രസിന്റെ എതിർപ്പാണ് പുറത്ത് വന്നതെന്നും ഒരു സനാതന ഹിന്ദു ധ്യാനിക്കുന്നതോ തപസ്സിരിക്കുന്നതോ അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തെ എതിർക്കുകയും ഹിന്ദു ആചാരങ്ങളെ നിന്ദ്യമാണെന്ന് മുദ്രകുത്തുകയും ചെയ്ത അതേ ആളുകൾ തന്നെയാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ആത്മീയ പ്രവർത്തികളെ എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ധ്യാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപണത്തെ നിഷേധിച്ച പൂനാവാല വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടി. “പ്രധാനമന്ത്രി പ്രചാരണം നടത്തുന്നില്ല, ആരെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നില്ല, രാഷ്‌ട്രീയ പ്രസ്താവനകൾ ഒന്നും തന്നെ നടത്തുന്നില്ല, ഇതൊരു രാഷ്‌ട്രീയ സംഭവവുമല്ല,” മോദിയുടെ ധ്യാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ അയൽസംസ്ഥാനമായ കർണാടകയിൽ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നു. ആ സമയത്ത് പ്രതിപക്ഷം മൗനം പാലിച്ചതെന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. അപ്പോൾ ഇല്ലാത്ത പെരുമാറ്റ ചട്ട ലംഘനമാണ് കോൺഗ്രസ് മോദിയുടെ പേരിൽ ഇപ്പോൾ ആരോപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനമിരിക്കുന്നത്. നാളെവരെയാണ് പ്രധാനമന്ത്രിയുടെ 45 മണിക്കൂർ നീണ്ടുനിൽക്കുന്ന ധ്യാനം.