ടി20 ലോകകപ്പിന് മുമ്പേ പാകിസ്താന് കാലിടറി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനെതിരെ ആരാധകർ രംഗത്തെത്തി. 4-ാം ടി20യിൽ 5 പന്തുകൾ നേരിട്ട താരം റൺസൊന്നുമെടുക്കാതെയാണ് പുറത്തായത്. ഫിൽഡിംഗിനിടെ രണ്ടു ക്യാച്ചുകളും നിലത്തിട്ടിരുന്നു. മോശം ഫോം തുടരുന്ന താരം ലോകകപ്പിലും ഇതേ പ്രകടനം ആവർത്തിക്കുമെന്നും ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. പാകിസ്താൻ മുൻ നായകൻ മോയിൻ ഖാന്റെ മകനാണ് അസം. മോശം പ്രകടനം തുടർന്നിട്ടും മുൻ നായകന്റെ മകനായതിനാലാണ് താരം ടീമിലെത്തിയതെന്നുള്ള മുറുമുറുപ്പുകളും ശക്തമാണ്.
പാകിസ്താനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്താൻ 19.5 ഓവറിൽ 157ന് ഓൾഔട്ടായി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 15.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങൾ മഴമൂലം റദ്ദാക്കിയിരുന്നു. ലോക കിരീടം നേടാനാവുമെന്ന പ്രതീക്ഷയാണുള്ളതെന്ന് നായകൻ ജോസ് ബട്‌ലർ പറഞ്ഞു.
ജൂൺ 6ന് ആതിഥേയരായ അമേരിക്കയ്‌ക്കെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. 9ന് ഇന്ത്യയെയും നേരിടും.