ഡൽഹി: ഇൻഡി മുന്നണി 300-ലധികം സീറ്റുകൾ വാങ്ങി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തുന്നതിന് വേണ്ടി മല്ലികാർജുൻ ഖാർഖെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു ആർജെഡി നേതാവ്. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി ഇരിക്കെയാണ് ഇൻഡി മുന്നണി വിജയിക്കുമെന്ന വാദവുമായി തേജസ്വി യാദവ് രംഗത്തു വന്നത്.
“പണപ്പെരുപ്പവും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർദ്ധിപ്പിച്ചവരെ ഒരു പാഠം പഠിപ്പിക്കാനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഞങ്ങൾ 300 പ്ലസ് സീറ്റുകൾ നേടും. എക്സിറ്റ് പോൾ ഏകപക്ഷീയമാണ്, അതെല്ലാവർക്കും അറിയാം. ഏത് തരത്തിലുള്ള എക്‌സിറ്റ് പോൾ ആണ്, ആരുടെ എക്‌സിറ്റ് പോൾ വിശ്വസിക്കണം”.
“ഫലം അറിയാൻ ജൂൺ 4 വരെ കാത്തിരിക്കണം. ജൂൺ 4 ന് ഇൻഡി സഖ്യം സർക്കാർ രൂപീകരിക്കാൻ പോകുകയാണ്. എൻഡിഎ ഉടൻ അധികാരത്തിൽ നിന്ന് പുറത്തുപോകും. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാത്ത തരത്തിലായിരിക്കും ഫലം”-മാദ്ധ്യമങ്ങളോട് തേജസ്വി യാദവ് പറഞ്ഞു.















