ഏത് റിസ്കും ഏറ്റെടുക്കുന്ന, സിനിമയ്‌ക്ക് ആവശ്യമെങ്കിൽ അണിയറ പ്രവർത്തകർ പറയുന്നതെന്തും ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ മലയാളത്തിൽ ഉണ്ടെങ്കിൽ അത് മോഹൻലാലാണ്. എല്ലാ സംവിധായകരും ഒരേ സ്വരത്തിൽ മോഹൻലാലിന്റെ ക്ഷമയെപ്പറ്റി വാചാലരാവാറുണ്ട്. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം വർക്ക് ചെയ്തപ്പോൾ അദ്ദേഹത്തിൽനിന്നും പഠിച്ച പാഠത്തെപ്പറ്റി പറയുകയാണ് സംവിധായകൻ ജിസ് ജോയ്. പൊട്ടിത്തെറിക്കേണ്ട അവസരങ്ങളിൽ പോലും മോഹൻലാൽ കാണിക്കുന്ന ക്ഷമയെ പറ്റിയാണ് സംവിധായകൻ പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാലിനൊപ്പമുള്ള അനുഭവങ്ങളെപ്പറ്റി ജിസ് ജോയ് മനസ് തുറന്നത്.
“എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടുള്ള ആക്ടർ ലാൽ സാറാണ്. ഒരു സംശയവും ഇല്ലാതെയാണ് ഞാൻ പറയുന്നത്. ഒരു സൂപ്പർസ്റ്റാർ ആയതുകൊണ്ടല്ല ഞാനിത് പറയുന്നത്. 52 ആർട്സ് ഫിലിമുകൾ ഞാൻ അദ്ദേഹത്തിന് ഒപ്പം ചെയ്തിട്ടുണ്ട്. ലാൽ സാറിനേക്കാൾ നന്നായി ഒരു സംവിധായകനെ കംഫർട്ടബിൾ ആക്കുന്ന നടനെ ഞാൻ കണ്ടിട്ടില്ല”.
“ഉയരം കൂടുംതോറും ചായയുടെ കടുപ്പം കൂടും എന്ന് പറയുന്നതുപോലെ ലാലേട്ടന്റെ ഉയരം കൂടുംതോറും അദ്ദേഹം സിമ്പിൾ ആയികൊണ്ട് ഇരിക്കുകയാണ്. എല്ലാ സംവിധായകർക്കും നടന്മാർക്കും സിനിമയെ ഇഷ്ടപ്പെടുന്നവർക്കും അദ്ദേഹം ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ ക്ഷമയിൽ പഠനങ്ങൾ വരെ ഉണ്ടാകേണ്ടിയിരിക്കുന്നു. മാനസിക പിരിമുറുക്കങ്ങളെ നിയന്ത്രിക്കുന്നതും പൊട്ടിത്തെറിക്കേണ്ട സാഹചര്യങ്ങളിൽ പോലും ക്ഷമയോടെ ഇരിക്കുന്നതും എങ്ങനെയെന്ന് ചിന്തിച്ചു പോകും. കൊച്ചു കൊച്ചു തമാശകളിലൂടെ, തോളിൽ കൈ ഇടുന്നതിലൂടെ എങ്ങനെയാണ് ആൾക്കാരെ കംഫർട്ടബിൾ ആക്കുന്നതെന്ന് കണ്ടു പഠിക്കണം”- ജിസ് ജോയ് പറഞ്ഞു.















