ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ച വേളയിൽ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎ ക്ക് മികച്ച വിജയമാണ് പ്രവചിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ഇതിൽ പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഇൻഡി മുന്നണി അവസരവാദികളാണെന്ന് പരിഹസിച്ച അദ്ദേഹം ജാതീയതയും വർഗ്ഗീയതയും അഴിമതിയും കൂടിക്കലർന്ന കുടുംബാധിപത്യ പാർട്ടികളുടെ കൂട്ടായ്മയെ ജനങ്ങൾ തള്ളി കളഞ്ഞുവെന്ന് പറഞ്ഞു. ബിജെപിയിൽ വിശ്വാസമർപ്പിച്ച രാജ്യത്തെ സ്ത്രീകൾക്കും യുവജനങ്ങൾക്കും അദ്ദേഹം പ്രത്യേകം നന്ദിയും രേഖപ്പെടുത്തി.
“പ്രതിപക്ഷ സഖ്യം ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ പരാജയപ്പെട്ടു. കാരണം അവരുടേത് ജാതീയതയും വർഗ്ഗീയതയും അഴിമതിയും നിറഞ്ഞ രാഷ്‌ട്രീയമാണ്,” എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. “കുറെയധികം കുടുംബാധിപത്യ പാർട്ടികളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച സഖ്യത്തിന് രാജ്യത്തിനുവേണ്ടി ഒരു ഭാവി കാഴ്ചപ്പാട് അവതരിപ്പിക്കാൻ പോലുമായില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ അവർക്ക് ഒരു കാര്യത്തിൽ മാത്രം വൈദഗ്ധ്യം നേടാനായി. അത് മോദിയെ അധിക്ഷേപിക്കുന്നതിലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ഇന്ത്യയിലെ ജനങ്ങൾ റെക്കോർഡ് സംഖ്യയിൽ വോട്ട് ചെയ്തുവെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകുമെന്ന് മോദി പറഞ്ഞു. സർക്കാരിന്റെ ട്രാക്ക് റെക്കോർഡും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം വോട്ട് ചെയ്ത ജനങ്ങൾക്കും ലോക്സഭാ തെരഞ്ഞെടുപ്പിനുവേണ്ടി രാജ്യത്തുടനീളം പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയ എൻഡിഎ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.















