ന്യൂഡൽഹി: എൻഡിഎ സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ച എക്‌സിറ്റ് പോളുകൾ മോദി മീഡിയ പോളുകൾ ആണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. മൂന്നാം തവണയും മോദി സർക്കാർ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ രാജ്യത്തെ പരമാധികാര സ്ഥാപനങ്ങളിൽ പോലും കോൺഗ്രസിന് വിശ്വാസമില്ലെന്നും, അതുകൊണ്ടാണ് ജനങ്ങൾ കോൺഗ്രസിനെ വിശ്വസിക്കാത്തതെന്നും പ്രൾഹാദ് ജോഷി പരിഹസിച്ചു.
” കോൺഗ്രസിന് ആരേയും വിശ്വാസമില്ല. അവർ സുപ്രീംകോടതിയിൽ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ, സിഎജി, പാർലമെന്റ് ഇതിലൊന്നും അവർക്ക് വിശ്വാസമില്ല. ഇവർ ആരെയാണ് വിശ്വസിക്കുന്നത്. സ്വയമൊരു വിശ്വാസം പോലും ഇക്കൂട്ടർക്കില്ല. അതുകൊണ്ട് തന്നെ അവരേയും ആരും വിശ്വസിക്കാൻ പോകുന്നില്ല. തെരഞ്ഞെടുപ്പുകളിൽ തോൽവി സംഭവിക്കുമ്പോൾ അവർ വോട്ടിംഗ് മെഷീനുകളേയും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കുറ്റപ്പെടുത്തും.
സ്വന്തം പാളിച്ച ഇന്ന് വരെ അവർ മനസിലാക്കിയിട്ടുമില്ല. എക്‌സിറ്റ് പോളുകൾ മോദി പോളുകൾ ആണെന്ന് രാഹുൽ പറയുന്നു. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. രണ്ട് ദിവസമെങ്കിലും രാഹുൽ സന്തോഷത്തോടെ ഇരിക്കും. വെറുതെ എന്തിനാണ് അദ്ദേഹത്തിന്റെ സന്തോഷം തകർക്കാൻ ശ്രമിക്കുന്നത്. കാരണം രാജ്യത്തെ ജനങ്ങൾ ഇതിനോടകം തന്നെ അവരുടെ തീരുമാനം രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും” പ്രൾഹാദ് ജോഷി വ്യക്തമാക്കി.















