പ്രിയതമയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ സുചിത്രയ്ക്ക് ആശംസകൾ അറിയിച്ചത്. ഈ ദിവസം ലോകത്തെ എല്ലാ സ്നേഹവും നിന്നിൽ നിറയട്ടെയെന്ന് സുചിത്രയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
നിരവധി പേരാണ് താരരാജാവിന്റെ പത്നിയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമല്ലാത്ത മകൾ വിസ്മയയും അമ്മയ്ക്ക് ആശംസകളുമായി ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സുചിത്രയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വിസ്മയ പങ്കുവച്ചു.
പ്രശസ്ത തമിഴ്നടനും നിർമാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര. മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിലൂടെയാണ് സുചിത്ര ലാലിന്റെ ആരാധികയായി മാറിയത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം പിന്നീട് താരത്തോടുള്ള പ്രണയമായി മാറുകയായിരുന്നു. തുടർന്ന് സുചിത്രയുടെ കുടുംബമാണ് കല്യാണ ആലോചനയുമായി മോഹൻലാലിന്റെ വീട്ടിലെത്തിയത്.
ആദ്യം ജാതകം നോക്കിയപ്പോൾ ഇരുവരുടെയും നാളുകൾ തമ്മിൽ ചേർച്ചക്കുറവുകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മറ്റൊരു ജ്യോത്സ്യരെ കൂടി കാണുകയും പൊരുത്തക്കേടില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ഈ കഥയൊക്കെ പല അഭിമുഖങ്ങളിലും മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്.















