രാജ്യം വിധിയെഴുതി, എക്സിറ്റ് പോളുകൾക്ക് പിന്നാലെ ചൂടുപിടിച്ച ചർച്ചകളാണ് എങ്ങുമുയരുന്നത്. എല്ലാ അവകാശവാദങ്ങളുടെയും കാലാവധി ജൂൺ നാല് വരെ മാത്രം. പ്രധാനമന്ത്രി പദത്തിൽ നിന്ന് നരേന്ദ്രമോദിയെ താഴെയിറക്കാൻ, ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാൻ, പരസ്പരവൈര്യങ്ങൾക്ക് താത്കാലിക വിരാമമിട്ട് ഒന്നിച്ചിറങ്ങിയ ഇൻഡി മുന്നണിയുടെ പോരാട്ടത്തിന്റെ ഫലമറിയുന്ന ദിനം കൂടിയാണ് ജൂൺ നാല്. ഒന്നിച്ച് പൊരുതിയെന്ന വാദങ്ങൾ എത്രമാത്രം കഴമ്പുണ്ട്? ഐക്യം കെട്ടിപ്പടുക്കുന്നതിൽ പ്രതിപക്ഷ സഖ്യത്തിന് എത്രമാത്രം പാളി? പരാജയമാണ് കാത്തിരിക്കുന്നതെങ്കിൽ അതിലേക്ക് നയിച്ചത് ഇൻഡി മുന്നണിയിലെ തമ്മിലടിയോ? ഇതിന് മറുപടി നൽകുകയാണ് ഇൻഡി സഖ്യത്തിന്റെ ഭാഗമായ ഡിഎംകെ നേതാവ് ആർ.എസ് ഭാരതി.
ഏതെങ്കിലും കാരണവശാൽ ഇൻഡി മുന്നണിക്ക് അനുകൂലമായ ജനവിധിയുണ്ടായില്ലെങ്കിൽ അതിനുള്ള കാരണം സഖ്യത്തിലെ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യവും അനൈക്യവും തമ്മിലടിയും തന്നെയാകുമെന്ന് ഡിഎംകെ ഓർഗനൈസിഗ് സെക്രട്ടറിയായ ആർഎസ് ഭാരതി പ്രതികരിച്ചു.
വിയോജിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും സഖ്യത്തിന് വേണ്ടി നിരവധി ക്രമീകരണങ്ങൾ നടത്തിയാണ് ഡിഎംകെ മുന്നോട്ട് പോയത്. 2019ൽ 24 ഇടത്ത് മത്സരിച്ച പാർട്ടി, ഇത്തവണ 21 മണ്ഡലങ്ങളിൽ മാത്രമാണ് ജനവിധി തേടിയത് എന്നുള്ളത് പോലും ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമായിട്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ ഫലം അനുകൂലമായില്ലെങ്കിൽ അതിലേക്ക് നയിച്ചത് ഇതുപോലെ അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാതിരുന്ന ഇൻഡി നേതാക്കളാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബംഗാളും കേരളവുമെന്നും ഭാരതി ചൂണ്ടിക്കാട്ടി.
ഇരുസംസ്ഥാനങ്ങളിലും ഇൻഡി സഖ്യത്തിൽ തമ്മിലടികളുണ്ടായിരുന്നു. കേരളത്തിന് പുറത്ത് തോളിൽ കയ്യിട്ട കോൺഗ്രസും സിപിഎമ്മും കേരളത്തിനകത്ത് പോരടിക്കുന്ന തരത്തിലാണ് പെരുമാറിയത്. ബംഗാളിൽ ഇൻഡി മുന്നണിയുടെ ഭാഗമാകാൻ തയ്യാറാകാതെ മമതയുടെ തൃണമൂൽ ഒറ്റയ്‌ക്ക് മത്സരിക്കുകയും ചെയ്തു. ഈ സാഹചര്യത്തെയാണ് ഡിഎംകെ നേതാവ് ചൂണ്ടിക്കാട്ടിയത്. മൂന്നാം എൻഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും അതിനെ തടയാൻ ഇൻഡി സഖ്യത്തിന് കഴിഞ്ഞില്ലെന്നുമുള്ള സൂചന കൂടിയാണ് ആർഎസ് ഭാരതിയുടെ വാക്കുകളിൽ നിഴലിച്ചത്.















