ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട പങ്കുവയ്‌ക്കുന്നതിൽ ഭർത്താവുമായി തർക്കത്തിലേർപ്പെട്ട യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മച്ചോഹള്ളിയിലാണ് സംഭവം. 31 വയസുള്ള പൂജയാണ് ഭർത്താവ് അനിൽകുമാറുമായുള്ള തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.
പൂജയും അനിൽകുമാറും മച്ചോഹള്ളിയിലെ പെയിന്റ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. മെയ് 25 ന് രാത്രിയാണ് ഇരുവരും തർക്കത്തിലേർപ്പെട്ടത്. അത്താഴം കഴിക്കുന്നതിനിടെ പുഴുങ്ങിയ മുട്ട പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. വീട്ടിലെ ഗൃഹനാഥൻ താനാണെന്നും അതിനാൽ കൂടുതൽ മുട്ട തനിക്ക് അവകാശപ്പെട്ടതാണെന്ന് അനിൽകുമാർ വാദിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പൂജ തയ്യാറായില്ല. തുടർന്ന് അനിൽകുമാർ ഭാര്യയുടെ പാചകം മോശമാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നുമൊക്കെ പറഞ്ഞ് പൂജയെ അധിക്ഷേപിച്ചു. ഇതിനെ തുടർന്നാണ് പൂജ ആത്മഹത്യ ചെയ്തത്.
പുലർച്ചയോടെ ഭാര്യയെ കാണാനില്ലെന്ന് മനസിലാക്കിയ അനിൽ കുമാർ നടത്തിയ തെരച്ചിലിൽ പൂജയെ ഫ്ളാറ്റിന് താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാക്ടറി ഉടമയുടെ പരാതിയിൽ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അനികുമാറിനെ അറസ്റ്റ് ചെയ്തു. ദമ്പതികൾ തമ്മിൽ മുൻപും ചെറിയ കാര്യങ്ങൾക്ക് വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു.















