ടി20 ലോകകപ്പിൽ ആന്റിച്ച് നോർക്യേ കൊടുങ്കാറ്റായപ്പോൾ ശ്രീലങ്കൻ ബാറ്റിംഗ് നിര തരിപ്പണമായി. നാലോവറിൽ ഏഴുറൺസ് മാത്രം വഴങ്ങി 4 വിക്കറ്റുമായി താരം കരിയറിലെ മികച്ച പ്രകടനം നടത്തിയപ്പോൾ ശ്രീലങ്ക 77 റൺസിന് പുറത്തായി. ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയ്‌ക്ക് മേൽ ആധിപത്യം പുലർത്താനും ശ്രീലങ്കൻ ബാറ്റർമാർക്ക് കഴിഞ്ഞില്ല.
പാതും നിസ്സങ്കയെ വീഴ്‌ത്തി ബാർട്ട്മാനാണ് ആക്രമണത്തിന് തുടക്കമിട്ടത്. മൂന്നു റൺസായിരുന്നു സമ്പാദ്യം. പിന്നാലെ കാമിന്ദു മെൻഡിസിനെ(11) വീഴ്‌ത്തി നോർക്യേ ലങ്കയെ വിറപ്പിച്ചു. പിന്നാലെ എല്ലാം ഒരു ചടങ്ങ് മാത്രമായിരുന്നു. ആറു പേർ രണ്ടക്കം കാണാതെ കൂടാരം കയറി. ഇതിൽ നാലുപേർ ഡക്കായിരുന്നു.
ദക്ഷിണാഫ്രിക്കൻ പേസ് നിരയ്‌ക്ക് മുന്നിൽ ലങ്കൻ ബാറ്റർമാർക്ക് നില തെറ്റിയ അവസ്ഥയിലായിരുന്നു. റബാദയും കേശവ് മഹാരാജും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ബാർട്ട്മാൻ ഒരു വിക്കറ്റ് നേടി. ഇടവേളകളിൽ വിക്കറ്റ് വീണതോടെ ശ്രീലങ്ക 20 ഓവർ പോലും പൂർത്തിയാക്കാവാതെയാണ് പുറത്തായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രികയ്‌ക്ക് ഒരു വിക്കറ്റ് നഷ്ടമായി. 13 റൺസ് എന്ന നിലയിലാണ്.