ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ വരുന്ന അഞ്ച് വർഷം ആര് നയിക്കുമെന്ന് ഇന്നറിയാം. വോട്ടെണ്ണാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടിന് രാജ്യമൊട്ടാെകെ വോട്ടണ്ണൽ ആരംഭിക്കും. രാവിലെ10 മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമായി തുടങ്ങും.
തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. തുടർന്ന് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. കേരളത്തിൽ 1.97 കോടി പേരും രാജ്യത്ത് 64.2 കോടി പേരുമാണ് വോട്ടവകാശം വിനിയോഗിച്ചത്. റെക്കോർഡ് ആളുകളാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.
മോദി സർക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്ന എക്സിറ്റ് പ്രവചനത്തിന്റെ ആത്മവിശ്വാസത്തിലും ശുഭപ്രതീക്ഷയിലുമാണ് ബിജെപി. 350-ലധികം സീറ്റുകളാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെ വിശ്വസിക്കാൻ വിമുഖതയുള്ള പ്രതിപക്ഷവും ഇൻഡി സഖ്യവും ഫലങ്ങളെ തള്ളുകയും 295 സീറ്റിൽ കുറയില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണാൻ ഓരോ ഹാൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകൾ വീതം ഉണ്ടാകും. ഓരോ മേശയ്‌ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥൻ കൗണ്ടിംഗ് സൂപ്പർവൈസറാകും. കൗണ്ടിംഗ് അസിസ്റ്റൻ്റ് , മൈക്രോ ഒബ്സർവർ എന്നിവർ ഈ മേശയ്‌ക്ക് ചുറ്റുമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർത്ഥികൾ, അവരുടെ തെരഞ്ഞെടുപ്പ് ഏജൻ്റുമാർ എന്നിവർക്ക് മാത്രമാണ് ഹാളിലേക്ക് പ്രവേശനമുണ്ടാകുക. കേരളത്തിൽ ആകെ 194 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 72.07 ശതമാനമായിരുന്നു പോളിംഗ്.
44 ദിവസം നീണ്ട് നിന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഫലമാണ് ഇന്ന് പുറത്തുവരിക. ഏപ്രിൽ 19-ന് ആരംഭിച്ച വോട്ടെടുപ്പ് ജൂൺ ഒന്ന് വരെ തുടർന്നു. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ എന്നതിലും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാൻ കഴിയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ അറിയിച്ചിട്ടുണ്ട്.
ഭരണ തുടർച്ചയുടെ ആത്മവിശ്വാസത്തിൽ ബിജെപി സത്യപ്രതിജ്ഞയ്‌ക്കുള്ള ക്രമീകരണങ്ങൾ വരെ സജ്ജമാക്കി കഴിഞ്ഞു. ഈ മാസം പത്തിനകം പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ നടന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.