തിരുവനന്തപുരം: തൃശൂരിൽ വോട്ടെണ്ണൽ അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോഴും ലീഡ് നില കുത്തനെ ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. 37,000 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം 2,00,000 വോട്ടുകൾ ഇതുവരെ എൻഡിഎ സ്ഥാനാർത്ഥി സ്വന്തമാക്കി.
തൊട്ടുപിന്നിൽ 1,68,000 വോട്ടുകളുമായി എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറാണുള്ളത്. സുരേഷ് ഗോപിയെ അട്ടിമറിക്കുമെന്ന അവകാശവാദത്തോടെ യുഡിഎഫ് കളത്തിലിറക്കിയ കെ. മുരളീധരൻ 1,61,000 വോട്ടുകൾ മാത്രം മേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയുടെ ലീഡ് 37,000 കടന്നതോടെ വിജയം ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ് പാർട്ടി പ്രവർത്തകർ. ജില്ലാ ഓഫീസിൽ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടുന്ന കണക്ക് പ്രകാരം കേരളത്തിലെ 17 മണ്ഡലങ്ങളിൽ യുഡിഎഫാണ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. ആലത്തൂർ മണ്ഡലത്തിലാണ് എൽഡിഎഫിന് ലീഡ്. വടകര സ്ഥാനാർത്ഥി മുൻ മന്ത്രി കെ.കെ ശൈലജയ്‌ക്ക് പോലും ലീഡുയർത്താനായിട്ടില്ല.
എന്നാൽ എൻഡിഎ രണ്ട് മണ്ഡലങ്ങളിൽ മുന്നിലാണ്. തൃശൂരും തിരുവനന്തപുരത്തുമാണ് ബിജെപി സ്ഥാനാർത്ഥികൾ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്‌ക്കുന്നത്. തരൂരും രാജീവും തമ്മിൽ തിരുവനന്തപുരത്ത് കനത്ത പോരാട്ടമാണ്. അയ്യായിരം വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നത്.