തിരുവനന്തപുരം: ജയപരാജയങ്ങൾ മാറിമറിഞ്ഞ തിരുവനന്തപുരം മണ്ഡലത്തിൽ അവസാന ലാപ്പിൽ ശശി തരൂറിന്റെ തടി രക്ഷിച്ചത് തലസ്ഥാനത്തെ തീരദേശം. ഇഞ്ചോടിച്ച് പോരാട്ടം കാഴ്ചവച്ച രാജീവ് ചന്ദ്രശേഖരനാണ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ മുന്നിട്ട് നിന്നത്. ലീഡ് നില 24,0000ലേക്ക് കടന്നും വിജയ സാദ്ധ്യതയും മുന്നിൽ കണ്ടെങ്കിലും പിന്നീട് കാലിടറി. എന്നാൽ ശശി തരൂറിന് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു. നിറം മങ്ങിയ വിജയമാണ് തരൂറിന് നേടാനായത്. കാര്യമായ വോട്ടു വിഹിതം രാജീവ് ചന്ദ്രശേഖറിന് കൂട്ടാനായി. അപ്രതീക്ഷിതമായ വെല്ലുവിളിയാണുണ്ടായതെന്ന് തരൂർ പറഞ്ഞു.
2019ൽ 41.19 ശതമാനം വോട്ടു നേടിയ ശശി തരൂറിന്റെ ഭൂരിപക്ഷം 99,989 ആയിരുന്നു. കുമ്മനം 31.3 ശതമാനം വോട്ടാണ് നേടിയത്. എന്നാൽ ഇത്തവണ അക്ഷരാർത്ഥത്തിൽ 2014 ആവർത്തിക്കുന്നതാണ് കണ്ടത്. 2014ൽ 15,470 വോട്ടുകൾക്കാണ് ശശി തരൂർ അന്ന് ലോക്സഭയിലെത്തിയത്. ഇത്തവണ 37.2 ശതമാനം വോട്ട് തരൂർ നേടിയപ്പോൾ 35.54 ആണ് രാജീവ ചന്ദ് ശേഖരൻ നേടിയത്. 25.71 ശതമാനമാണ് പന്ന്യന് തലസ്ഥാനം നൽകിയത്.
16,077 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ശശി തരൂറിന് നേടാനായത്. 2014 ൽ നേടിയതിനേക്കാൾ തുച്ഛം വോട്ടുകളുടെ വർദ്ധന. 35,3679 വോട്ടുകൾ ശശി തരൂർ നേടിയപ്പോൾ 33,7920 ആണ് രാജീവ് നേടിയത്. 24,4433 വോട്ടുകൾ മാത്രമാണ് പന്ന്യൻ രവീന്ദ്രന് നേടാനായത്.















