തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേടിയ വിജയത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇൻഡി മുന്നണിയുടെ ഭാഗമാണ് കോൺഗ്രസെന്നും കോൺഗ്രസ് കൂടാതെ ഇൻഡി മുന്നണിയില്ലെന്ന് ആർക്കാണ് അറിയാത്തതെന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ഒരു സീറ്റിൽ മാത്രം ഒതുങ്ങിയത് ഭരണവിരുദ്ധ വികാരം കൊണ്ടല്ല. കഴിഞ്ഞ തവണത്തേത് ആവർത്തിച്ചുവെന്ന് മാത്രം. തോൽവി പരിശോധിക്കും, സർക്കാർ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തും. കേരളത്തിൽ യുഡിഎഫ് വിജയിച്ച 18 സീറ്റുകളെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇൻഡി സഖ്യത്തിന്റെ ഭാഗമെന്ന നിലയിൽ പിന്തുണയ്‌ക്കുന്നതായും എം.വി ഗോവിന്ദൻ പറഞ്ഞു.
തോൽവി അപ്രതീക്ഷിതമാണെന്ന് മുൻ ധനമന്ത്രിയും പത്തനംതിട്ടയിൽ മത്സരിച്ച് പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക് പ്രതികരിച്ചു. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും വിമർശനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തിരിച്ചടി ഉണ്ടായത് ഭരണവിരുദ്ധ വികാരമാണെന്ന വിലയിരുത്തലിലേക്ക് പോകാനാകില്ല. ഇക്കാര്യം ചർച്ച ചെയ്ത് പരിശോധിക്കേണ്ടതാണ്. ഇൻഡി സഖ്യത്തിന് അനുകൂലമായ വിധിയെഴുത്തെന്ന് വിലയിരുത്തനാകുമെന്നും തോമസ് ഐസക് പറഞ്ഞു.