തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേരിടേണ്ടി വന്ന പരാജയം പാർട്ടി വിലയിരുത്തുമെന്ന് എ.കെ ബാലൻ. വലിയ വിജയമാണ് പ്രതീക്ഷിച്ചിരുന്നത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ പോലെ ഈ തെരഞ്ഞെടുപ്പും വിലയിരുത്തുമെന്ന് സിപിഎം നേതാവ് പറഞ്ഞു. കേരളത്തിൽ യുഡിഎഫ് ഉണ്ടാക്കിയ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്നും എ.കെ ബാലൻ ആരോപിച്ചു.
“ഒരു നല്ല വിജയം പ്രതീക്ഷിച്ചതാണ്. അത് എന്തുകൊണ്ടാണ് ഈ രീതിയിലുള്ള ഒരു പിന്നോട്ടടി ഉണ്ടായതെന്ന് കർശനമായി പാർട്ടി പരിശോധിക്കും. ഇതേ രൂപത്തിലുള്ള പരിശോധന 2019-ൽ ഞങ്ങൾ നടത്തിയിരുന്നു. ആ പരിശോധനയുടെ ഭാഗമായിട്ടാണ് ചില കുറവുകൾ ഞങ്ങൾക്ക് മനസിലാക്കാൻ സാധിച്ചത്. ഒന്നര വർഷത്തിനുള്ളിൽ രണ്ട് തെരഞ്ഞെടുപ്പ് നടന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണി വിജയിച്ചു”.
“സംഘടനപരമായി ഞങ്ങൾ അന്ന് നടത്തിയ പരിശോധനയുടെ ഭാഗമായി ഒന്നര വർഷത്തിനുള്ളിൽ വലിയ മാറ്റം ഞങ്ങൾക്ക് ഉണ്ടാക്കാൻ സാധിച്ചു. വർഗ ബന്ധങ്ങളിൽ മാറ്റം വരുത്തി, ജനകീയ സ്വാധീനത്തിൽ മാറ്റം വന്നു. അതിന്റെ ഭാഗമായിട്ടാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. അതുപോലെ ഈ തെരഞ്ഞെടുപ്പും പരിശോധനയ്‌ക്ക് വിധേയമാക്കും. ശക്തമായി ഇടത് മുന്നണി തിരിച്ചു വരും. കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്”- എ.കെ ബാലൻ പറഞ്ഞു.