ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം പൂർത്തിയായതോടെ സർക്കാർ രൂപീകരണ ചർച്ചകൾക്കൊരുങ്ങി എൻഡിഎ നേതാക്കൾ. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരും. ബിജെപി നേതാക്കളും എൻഡിഎയിലെ മറ്റ് സഖ്യകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കും. രാവിലെ 11.30 നാണ് യോഗം.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ ദേശീയ നേതാക്കളുടെ നേതൃത്വത്തിലായിരിക്കും യോഗം. രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ യോഗമാണിത്. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങളിലാണ് എൻഡിഎ.
ആരായിരിക്കും കേന്ദ്രമന്ത്രിമാർ, ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെ ലഭിക്കും എന്നതിനെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ നടക്കും. ഭരണത്തുടർച്ച ഉറപ്പിച്ചതിന്റെ ആഘോഷത്തിലാണ് എൻഡിഎ നേതൃത്വം. 300-ന് മുകളിൽ അംഗങ്ങളുടെ പിന്തുണയോടെയായിരിക്കും എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുന്നത്.
ഒറ്റ എംപിമാരും സ്വതന്ത്രരും അടക്കം മുഖ്യധാരാ പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലാത്ത 18 എംപിമാരാണ് വിജയിച്ചിട്ടുളളത്. ഇവരിൽ പലരും എൻഡിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.