ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് ഒഡീഷയിൽ ബിജെപി നേടിയ വൻ വിജയമെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ഒഡീഷയിലെ 21ൽ 20 സീറ്റ് നേടിയാണ് ബിജെപി വിജയം കരസ്ഥമാക്കിയത്.
” ഭഗവാൻ ജഗന്നാഥിന്റെ അനുഗ്രഹത്താൽ ഒഡീഷയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസം അർപ്പിച്ചു. ഒഡീഷയിലെ 21ൽ 20 സീറ്റും ബിജെപി നേടി. ഇതാദ്യമായി ബിജെപി സംസ്ഥാനത്തും സർക്കാർ രൂപീകരിക്കും. ഈ വിജയം ബിജെപിയുടെ മാത്രമല്ല, 4.5 കോടി ഒഡീയക്കാരുടെയും വിജയമാണ്. ഈ വിജയം ഒഡീഷയിലെ ജനങ്ങളുടെ സ്വത്വത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും മഹത്തായ വിജയമാണ്,” പ്രധാൻ എക്സിൽ കുറിച്ചു.
സംബൽപൂർ ലോക്സഭാ സീറ്റിൽ നിന്നും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധർമ്മേന്ദ്ര പ്രധാൻ വിജയിച്ചത്. ബിജെഡിയുടെ പ്രണബ് പ്രകാശ് ദാസായിരുന്നു എതിർ സ്ഥാനാർത്ഥി.
സംസ്ഥാനത്ത് ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നത്. നിയമസഭയിലും വൻവിജയാണ് ബിജെപി നേടിയത്. 147 നിയമസഭാ സീറ്റുകളിൽ 78 സീറ്റുകളും സ്വന്തമാക്കി. ഇതാദ്യമായാണ് ഒഡീഷയിൽ ബിജെപി അധികാരത്തിൽ എത്തുന്നത്. സർക്കാർ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സംസ്ഥാന നേതൃത്വം.
1997 മുതൽ ബിജു ജനതാദളിന്റെ ശക്തികേന്ദ്രമായിരുന്ന ഒഡീഷ. 24 വർഷത്തെ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ കുത്തകയാണ് ബിജെപി തകർത്തെറിഞ്ഞത്. സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന് ശേഷം ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന രണ്ടാമത്തെയാളാണ് നവീൻ പട്നായിക്ക്.