സുരേഷ് ഗോപി തൃശൂരിൽ ജയിച്ചാൽ തന്റെ കാർ സൗജന്യമായി നൽകുമെന്ന് വെല്ലുവിളിച്ച് വെട്ടിലായി കോൺഗ്രസുകാരൻ. ചാവക്കാട് സ്വദേശി ബൈജു തെക്കനാണ് പന്തയം വച്ച് തോറ്റത്. കെ മുരളീധരൻ ജയിക്കും എന്നാണ് താൻ വിശ്വസിച്ചിരുന്നതും സുഹൃത്തുകൂടിയായ ബിജെപി പ്രവർത്തകന് കാർ കൈമാറുമെന്നും ബൈജു പറഞ്ഞു. ബൈജുവിനെ പോലെ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് അമിത ആത്മവിശ്വാസത്തിൽ വെല്ലുവിളിച്ച് തൃശൂരിൽ പരാജയപ്പെട്ടിരിക്കുന്നത്.
“സുരേഷ് ഗോപി ഇവിടെ ജയിക്കുകയാണെങ്കിൽ എന്റെ വാഗണർ കാർ ചില്ലി സുനിക്ക് കൈമാറും” എന്നായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ബൈജു വെല്ലുവിളിച്ചത്. പന്തയം വയ്‌ക്കുന്ന സമയത്ത് കെ മുരളീധരൻ നൂറ് ശതമാനവും വിജയിക്കും എന്നായിരുന്നു തന്റെ പ്രതീക്ഷ എന്നും സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ബൈജു മാധ്യമങ്ങളോട് പറഞ്ഞു.
“സുരേഷ് ഗോപി ജയിച്ചാൽ അദ്ദേഹത്തിന്റെ സിഫ്റ്റ് കാർ എനിക്ക് നൽകാമെന്ന് ചില്ലി സുനി പന്തയം വച്ചു. ഇതോടെയാണ് കെ മുരളീധരൻ തോറ്റാൽ തന്റെ വാഗണർ തിരിച്ചും നൽകുമെന്ന് ബെറ്റ് വെച്ചത്. എന്നെപ്പോലുള്ള സാധാരണ കോൺഗ്രസ് പ്രവർത്തകർ നിരാശരാണ്. മോശം പ്രവർത്തനമാണ് തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് കാഴ്ചവച്ചത്. ഇത്രയും വലിയ ബെറ്റ് വെയ്‌ക്കരുതായിരുന്നു എന്ന് സുഹൃത്തുക്കളും കുടുംബക്കാരും പറഞ്ഞു. വെല്ലുവിളിയിൽ തോറ്റുപോയി കാർ നൽകും”- ബൈജു പറഞ്ഞു.