ലോക ഫുട്ബാളിൽ ഇന്ത്യയ്‌ക്ക് പറയാൻ മേന്മയുടെ വലിയ കഥകളില്ല. എങ്കിലും സജീവ ഫുട്‌ബോൾ താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ നേടിയവരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമാണ് മുന്നിലുള്ള ഇതിഹാസങ്ങൾ. നാളെ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയം ഇന്ത്യൻ ഫുട്‌ബോളിലെ അതികായൻ സുനിൽ ഛേത്രിയുടെ വിടവാങ്ങാൽ മത്സരത്തിന് സാക്ഷ്യം വഹിക്കും. കുവൈറ്റിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ആരാധകരും പ്രതീക്ഷിക്കുന്നില്ല. നായകന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കുമെന്ന് ബ്ലൂടൈഗേഴ്‌സിനും അറിയാം. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സുനിൽ ഛേത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
”ഇത് എന്നെ കുറിച്ചും എന്റെ അവസാന മത്സരത്തെ കുറിച്ചുമല്ല പറയുന്നത്. കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം ജയിക്കുക എന്നതാണ് ലക്ഷ്യം. അത് എളുപ്പമാകില്ലെന്ന് അറിയാമെങ്കിലും നിങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയിൽ എതിരാളിയെ നേരിടാൻ ഞങ്ങൾ തയ്യാറാണ്. നാളത്തെ മത്സരം ജയിക്കാനായാൽ ലോകകപ്പ് യോഗ്യത സജീവമാകും. ഒരോ ദിവസവും താരങ്ങളോട് ഞാൻ ഈ സ്വപ്നത്തെ കുറിച്ചാണ് സംസാരിക്കുന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരെ ഒത്തിണക്കാൻ കൂടുതൽ ദൈർഘ്യമേറിയ ക്യാമ്പുകൾ സഹായിക്കും. ഇനി സ്വദേശത്തും വിദേശത്തുമായി നടക്കാനിരിക്കുന്ന ഇന്ത്യയുടെ അഞ്ച് മത്സരങ്ങൾ കാണാൻ ഞാൻ വേദിയിലുണ്ടാകും. ടീം എവിടെ പോയാലും ആരാധകനായി ടീമിനെ പിന്തുണയ്‌ക്കും. ഈ 19 വർഷവും മികച്ച ഓർമ്മകളാണ് ലഭിച്ചത്.’ – ഛേത്രി പറഞ്ഞു.
മെയ് 16നാണ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ട് സുനിൽ ഛേത്രി ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 39-കാരനായ താരം 2005-ലാണ് ഇന്ത്യൻ സീനിയർ ടീമിൽ അംഗമായത്. 150 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടി.















