തൃശൂർകാരോട് അസൂയ തോന്നുന്നുവെന്ന് നടൻ വിവേക് ഗോപൻ. കേരളത്തിൽ വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കമാണ് തൃശൂരിൽ കണ്ടതെന്നും മറ്റൊരു കശ്മീർ ആകാതിരിക്കാൻ ബിജെപിയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വിജയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നും വിവേക് ഗോപൻ പ്രതികരിച്ചു.
“ഒരു മാറ്റത്തിന്റെ സൂചനയാണ് തൃശൂരിൽ കണ്ടത്. സുരേഷേട്ടൻ വഴി അതിന് തുടക്കം കുറിച്ചിരിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ തരംഗം അലയടിക്കും. ഗംഭീരമായ മാറ്റം കേരളത്തിൽ ഉണ്ടാവും. സുരേഷേട്ടന് വ്യക്തിപരമായി കുറെയധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും അദ്ദേഹം ബിജെപി ചിഹ്നത്തിലാണ് മത്സരിച്ചത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ വോട്ടും അദ്ദേഹത്തിന്റെ വിജയത്തിൽ നിർണായകമായി. ബിജെപി പ്രവർത്തകർ നല്ല പ്രവർത്തനമാണ് അദ്ദേഹത്തിനുവേണ്ടി കാഴ്ചവച്ചത്”.
“കേരളം മറ്റൊരു കാശ്മീർ ആയി മാറരുത്. അങ്ങനെ മാറാതിരിക്കണമെങ്കിൽ ഇവിടെ മാറ്റങ്ങൾ വരണം. അതിനാൽ അനിവാര്യമായിട്ടുള്ള വിജയം തന്നെയായിരുന്നു തൃശൂരിൽ ഉണ്ടായത്. തൃശൂർകാരെ കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു. ഇത്രയും വർഷം തൃശൂരിൽ നിന്ന് പ്രവർത്തിച്ചതിന്റെ ഫലം സുരേഷേട്ടന് കിട്ടി. കേരളത്തിൽ താമര വാടും എന്നുപറഞ്ഞവർക്കുള്ള മറുപടിയാണിത്. ട്രോളിയവർക്ക് മുന്നിൽ ഗംഭീരമായി അദ്ദേഹം ഭരിച്ചു കാണിക്കും”- വിവേക് ഗോപൻ പറഞ്ഞു.















