ന്യൂയോർക്ക്: നരേന്ദ്രമോദിയുടെ ഹാട്രിക് വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും. 16-ാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വീണ്ടും ആധിപത്യം നേടിയതോടെ സർക്കാരിന് തുടർഭരണം ലഭിച്ച സാഹചര്യത്തിലാണ് മോദിയെ പ്രശംസിച്ച് യുഎസ്എ രംഗത്തെത്തിയത്.
Congratulations to Prime Minister Narendra Modi and the National Democratic Alliance on their victory, and the nearly 650 million voters in this historic election.
The friendship between our nations is only growing as we unlock a shared future of unlimited potential.
— President Biden (@POTUS) June 5, 2024
നരേന്ദ്രമോദിക്കും ദേശീയ ജനാധിപത്യ സഖ്യത്തിനും അഭിനന്ദനങ്ങളെന്ന് ബൈഡൻ എക്സിൽ കുറിച്ചു. ചരിത്രപരമായ ഈ തെരഞ്ഞെടുപ്പിൽ പങ്കാളികളായ 650 ദശലക്ഷത്തോളം വോട്ടർമാർക്കും ആശംസകളെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇനിയും വളരുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. കൂടാതെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും എൻഡിഎയുടെ വിജയത്തിൽ അഭിനന്ദനങ്ങളറിയിച്ച് രംഗത്തെത്തി.
കഴിഞ്ഞ ആറ് ആഴ്ചയ്‌ക്കിടെ ഇന്ത്യയിലെ 650 ദശലക്ഷമാളുകളാണ് വോട്ടെടുപ്പിൽ പങ്കാളികളായത്. ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ജനാധിപത്യ നടപടിയാണിത്. ഭാരതത്തിന്റെ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വോട്ടർമാർ, പോളിംഗ് ജീവനക്കാർ, മാദ്ധ്യമപ്രവർത്തകർ എന്നിവരെ പ്രത്യേകം പരാമർശിക്കുന്നു. ഇന്ത്യയുമായുള്ള പങ്കാളിത്തം തുടർന്നും വളരുമെന്നും ആഗോളവിഷയങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
292 സീറ്റുകളുമായാണ് എൻഡിഎ ഇത്തവണ നേട്ടം കൊയ്തത്. പ്രതിപക്ഷ മുന്നണികളുടെ സഖ്യമായ ഇൻഡി മുന്നണിക്ക് 233 സീറ്റുകളും ലഭിച്ചു. ഇതോടെയാണ് തുടർച്ചയായ മൂന്നാം വട്ടവും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചത്. ബുധനാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിൽ എൻഡിഎ കക്ഷികൾ എല്ലാവരും പങ്കെടുക്കുകയും നരേന്ദ്രമോദിയെ നേതാവായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്വതന്ത്രർ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ എൻഡിഎയുടെ സീറ്റുകളുടെ എണ്ണം 300 കടന്നുവെന്നാണ് റിപ്പോർട്ട്.