ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻഡിഎ സഖ്യത്തേയും അഭിനന്ദിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനിടെ ഏത് വെല്ലുവിളികൾ വന്നാലും അതിനെയെല്ലാം മികച്ച രീതിയിൽ താങ്കൾ പ്രതിരോധിച്ച് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ദലൈലാമ പറയുന്നു.
” മൂന്നാം വട്ടവും അധികാരത്തിലേറാൻ നിങ്ങൾ തയ്യാറെടുക്കുകയാണ്. ഈ സമയം രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനിടെ എന്ത് തരത്തിലുള്ള വെല്ലുവിളികൾ മുന്നിൽ വന്നാലും അതിനെയെല്ലാം ധീരമായി തരണം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ, ഈ രാജ്യം അതിന്റെ ഉത്തരവാദിത്വങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നത് കാണുമ്പോൾ ആദരവും അഭിമാനവും തോന്നുകയാണ്.
രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെ എത്രത്തോളം വിലമതിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാകുന്നുണ്ട്. ഈ സമയം ഇന്ത്യയിലെ പുതിയ സർക്കാരിനോട് ടിബറ്റൻ ജനതയുടെ നന്ദി അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ടിബറ്റിന്റെ വർഷങ്ങളോളം പഴക്കമുള്ള സാംസ്‌കാരിക പൈതൃകം സമാധാനപൂർവ്വം സംരക്ഷിക്കാൻ സാധിച്ചത് ഇന്ത്യയുടെ കൂടി സഹായത്തോടെയാണ്. ഇന്നത്തെ തലമുറയിലെ സഹോദരീ സഹോദരന്മാർക്കിടയിൽ ഇന്ത്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ തങ്ങൾ വിജയിച്ചിട്ടുണ്ടെന്നും” ദലൈലാമ കൂട്ടിച്ചേർത്തു.















