ടി20 ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു. വമ്പന്മാരുടെ കരുത്തുമായി എത്തിയ ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 15.2 ഓവറിൽ 75 റൺസിൽ പുറത്തായി. 84 റൺസിനാണ് അഫഗാനിസ്ഥാന്റെ ജയം. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ഫസൽ ഫാറൂഖിയും റാഷിദ് ഖാനുമാണ് ന്യൂസിലൻഡിന്റെ നട്ടെല്ലൊടിച്ചത്. ഗ്ലെൻ ഫിലിപ്പ്‌സും(18), മാറ്റ് ഹെന്റിയുമാണ്(12) ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നതാരങ്ങൾ. അഫ്ഗാന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഗുർബാസും സദ്രാനും ഇന്നിംഗ്‌സിന്റെ തുടക്കം മുതലെ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. 3 ബൗണ്ടറിയും 2 സിക്‌സറുമടക്കം 44 റൺസ് നേടിയ സദ്രാന്റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്റിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഗുർബ്ബാസിനെ(80) ട്രെന്റ് ബോൾട്ട് ബൗൾഡാക്കി. 5 ഫോറും 5 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. അസ്മത്തുള്ള ഓമർസായാണ് (22) അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ട്രെന്റ് ബോൾട്ടും മാറ്റ് ഹെന്റിയും രണ്ട് വിക്കറ്റുമായി ന്യൂസിലൻഡ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിംഗിൽ, ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിൻ അലനെ(0) ഫാറൂഖി മടക്കി. പിന്നാലെ കാറ്റത്ത് പഴുത്തില വീഴുന്നത് പോലെ വിക്കറ്റുകൾ വീണു. ഒരു സമയത്ത് പോലും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ ബൗളർമാർക്ക് മുന്നിൽ ന്യൂസിലാൻഡ് ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റം വീതം വീഴ്‌ത്തിയ ഫാറൂഖിയും റാഷിദ് ഖാനുമാണ് ന്യൂസിലൻഡിനെ തകർത്തത്.