ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെെഡേഴ്‌സിനെ കിരീടനേട്ടത്തിലേക്ക് എത്തിച്ച താരമാണ് ശ്രേയസ് അയ്യർ. എന്നാൽ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നതിന് മുൻപ് കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു താരം കടന്നുപോയിരുന്നത്.
ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും ശ്രേയസ് കളിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ പുറംവേദനയെ തുടർന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെത്തുകയായിരുന്നു. പിന്നീട് താരം കായികക്ഷമത കൈവരിച്ചെന്ന് ദിവസങ്ങൾക്ക് ശേഷം ബിസിസിഐയ്‌ക്ക് റിപ്പോർട്ട് ലഭിച്ചെങ്കിലും രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് ശ്രേയസ് വിട്ടുനിന്നു. പിന്നാലെ ആഭ്യന്തര മത്സരങ്ങൾ കളിച്ചില്ലെന്ന കാരണം മുൻനിർത്തി ശ്രേയസിനെ വാർഷിക കരാറിൽ നിന്ന് ബിസിസിഐ ഒഴിവാക്കി. ഇതോടെ രഞ്ജി മത്സരങ്ങൾ കളിക്കാൻ ശ്രേയസ് നിർബന്ധിതനായി. കരാർ നഷ്ടമായ ആ സംഭവത്തെക്കുറിച്ച് ഇപ്പോൾ മനസുതുറന്നിരിക്കുകയാണ് അയ്യർ.
കഠിനമായ ലോകകപ്പായിരുന്നു 2023-ലേത്. അതിനുശേഷം ഒരു ഇടവേള എടുക്കാൻ ഞാൻ ആഗ്രഹിച്ചു. കാരണം എനിക്ക് ഇനിയും ശാരീരിക ക്ഷമത കൈവരിക്കണമായിരുന്നു. ഇതെല്ലാം ശരിയായ രീതിയിൽ ആശയവിനിമയം നടത്താൻ കഴിയാതെ പോയതിനാൽ എനിക്ക് പ്രതികൂലമായി കാര്യങ്ങൾ സംഭവിച്ചു. എന്നാൽ ബാറ്റെന്ന ആയുധം കയ്യിലുണ്ടെന്നും ട്രോഫികൾ നേടേണ്ടത് എന്റെ ചുമതലയാണെന്നും ഞാൻ മനസ്സിലാക്കി. രഞ്ജി ട്രോഫിയും ഐപിഎല്ലും നേടിയാൽ, എല്ലാതിനുമുള്ള മറുപടിയായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. ആഗ്രഹിച്ചത് പോലെ സംഭവിക്കുകയും ചെയ്തു. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. ദൈവത്തിന് നന്ദി.- അയ്യർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
ഐപിഎല്ലിൽ എമർജിംഗ് പ്ലേയർ അവാർഡ് നേടിയതിന് ശേഷം ക്യാപ്റ്റൻ എന്ന നിലയിൽ കിരീടം നേടുന്ന രണ്ടാമത്തെ താരമാണ് ശ്രേയസ് അയ്യർ. 2015-ൽ ഡൽഹിക്കായി അരങ്ങേറിയ താരം ആ സീസണിൽ തന്നെ എമർജിംഗ് പ്ലേയർ അവാർഡും സ്വന്തമാക്കിയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 439 റൺസാണ് അയ്യർ സ്വന്തമാക്കിയത്. നീണ്ട 9 വർഷങ്ങൾക്ക് ശേഷം നായകനെന്ന നിലയിലും താരം കിരീടം സ്വന്തമാക്കി. 2009-ൽ രോഹിത് ശർമ്മയാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.