ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്ഗേ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ അത്ഭുതകരമായ വളർച്ച കൈവരിച്ചുവെന്നും വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേകൾ, കടൽപ്പാതകളുൾപ്പെടെയുള്ള രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഭൂട്ടാൻ പ്രധാനമന്ത്രി.
കഴിഞ്ഞ പത്ത് വർഷത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ വളർന്നു. വിവിധ മേഖലകളിൽ രാജ്യം പുതിയ ഉയരത്തിലേക്ക് കുതിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലും നേട്ടങ്ങളിലും എടുത്തുപറയേണ്ട ഒന്നാണ് വിദേശനയം. എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായെന്ന് മനസിലാക്കാൻ പുറകിലേക്ക് തിരിഞ്ഞ് നോക്കിയാൽ മതി. ഇനിയുള്ള അഞ്ച് വർഷക്കാലം മോദി രാജ്യത്തിന് വേണ്ടി എന്ത് ചെയ്യുമെന്ന് കാണാൻ ജനങ്ങൾ കാത്തിരിക്കുകയാണ്.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവിനെയും ഭൂട്ടാനിലെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ട്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിനമാണെന്നും അതിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ടോബ്ഗേ പറഞ്ഞു.